കൊവിഡ് കാലത്ത് ബംഗാള്‍ വിട്ടയച്ചത് 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 63 ജീവപര്യന്തം തടവുകാരെ

Update: 2021-08-02 09:44 GMT

കൊല്‍ക്കത്ത: കൊവിഡ് കാലത്ത് ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ വിട്ടയച്ചത് ഏകദേശം 63 ജീവപര്യന്തം തടവുകാരെ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലിലെ തിരക്ക് കുറക്കാനായിരുന്നു ഇതെന്നും സര്‍ക്കാര്‍ അറിയിച്ചു.

സിആര്‍പിസിയുടെ 432ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് തടവ്ശിക്ഷ ഇളവ് വരുത്തി ജയിലുകളിലെ തിരക്ക് കുറക്കാന്‍ അധികാരമുണ്ട്. ഈ അധികാരം പ്രയോഗിച്ചാണ് വിട്ടയച്ചത്. 

തടവുശിക്ഷ റിവ്യു ചെയ്യുന്നതിനുള്ള കമ്മിറ്റി നല്‍കിയ ശുപാര്‍ശ അനുസരിച്ചാണ് എല്ലാവരെയും വിട്ടയച്ചത്. 63ല്‍ 61 പേരും അറുപത് വയസ്സിനു മുകളിലുള്ളവരാണ്. രണ്ട് സ്ത്രീകള്‍ 55 വയസ്സുകാരാണ്. വിട്ടയച്ചവരില്‍ പലരും രോഗികളുമാണ്.

് ബംഗാളിലെ ജയിലുകളുടെ ശേഷി 21,500 ആണ്. കൊവിഡ് കാലത്ത് സംസ്ഥാനത്തെ ജയിലുകളില്‍ ആകെ 23,000-24,000 പേരുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജയിലുകളിലെ തടവുകാരുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചത്.

ബംഗാളില്‍ 60 ദുര്‍ഗുണപരിഹാര ശാലകളും 7 സെന്‍ട്രല്‍ ജയിലും അഞ്ച് പ്രത്യേക ജയിലും ഒരു വനിതാ ദുര്‍ഗുണപരിഹാര ശാലയുമാണ് ഉള്ളത്.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സുപ്രിംകോടതിയാണ് ജയിലുകളിലെ തിരക്ക് കുറക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. അതിനുവേണ്ടി ഒരു കമ്മിറ്റിയെയും നിയമിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

Tags: