ദുബയ് ബസ് അപകടം: മരിച്ചവരില്‍ രണ്ടു കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറു മലയാളികള്‍
കണ്ണൂര്‍ സ്വദേശികളായ ഉമര്‍ ചോനോകടവത്ത്, മകന്‍ നബീല്‍ ഉമര്‍ എന്നിവരെയാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്
ദുബയ്: ഒമാനില്‍ നിന്നു ദുബയിലേക്ക് വരികയായിരുന്ന ബസ് അപകടത്തില്‍പെട്ട് മരിച്ചവരില്‍ 17 പേരില്‍ആറു മലയാളികളുണ്ടെന്ന് സ്ഥിരീകരിച്ചു. തിരിച്ചറിയാനുണ്ടായിരുന്ന രണ്ടുപേരെയും തിരിച്ചറിഞ്ഞതോടെയാണ് മലയാളികളുടെ എണ്ണം കൂടിയത്. കണ്ണൂര്‍ സ്വദേശികളായ ഉമര്‍ ചോനോകടവത്ത്, മകന്‍ നബീല്‍ ഉമര്‍ എന്നിവരെയാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്. ഇവരുള്‍പ്പെടെ 10 ഇന്ത്യക്കാരാണ് മരണപ്പെട്ടത്. ദീപക് കുമാര്‍, ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നീ മലയാളികളുടെ മൃതദേഹങ്ങള്‍ നേരത്തേ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു ഒമാന്‍ സ്വദേശി, ഒരു അയര്‍ലണ്ട് സ്വദേശി, രണ്ട് പാകിസ്താന്‍ സ്വദേശികള്‍ എന്നിവരെയും തിരിച്ചറിഞ്ഞിരുന്നു. മരണപ്പെട്ട ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാര്‍ ദുബയ് റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ത്യന്‍ കൗണ്‍സിലേറ്റ് ജനറല്‍ വിപുല്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. മരണമടഞ്ഞ തൃശൂര്‍ തളിക്കളം സ്വദേശി ജമാലുദ്ദീന്‍ ദുബയിലെ സമൂഹിക പ്രവര്‍ത്തകനാണ്.
ദുബയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ്യ മെട്രോ സ്‌റ്റേഷനു സമീപം പെരുന്നാള്‍ ആഘോഷം കഴിഞ്ഞു വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ടാണ് അപകടം. ഒമാന്‍ രജിസ്‌ട്രേനുള്ള ബസ് സൈന്‍ ബോര്‍ഡിലിടിച്ച് തകരുകയായിരുന്നു.