മലപ്പുറം: പാലക്കാട് അട്ടപ്പാടി ഷോളയൂരിലെ നല്ലശിങ്ക ഉന്നതിയിലെ എം മണി, ഇന്ന് കാക്കിക്കുപ്പായം അണിഞ്ഞുനില്‍ക്കുമ്പോള്‍, അവന്റെ കണ്ണുകളില്‍ അഭിമാനത്തിന്റെ തെളിച്ചവും ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങളുടെ പ്രവാഹവുമാണ്. ജീവിതത്തിലെ ഒട്ടനവധി കഷ്ടപ്പാടുകളും പോരാട്ടങ്ങളും മറികടന്ന്, സ്വപ്‌നം സഫലമാക്കിയ മണിയുടെ നേട്ടം, കുടുംബത്തിനും നാട്ടുകാര്‍ക്കും മാത്രമല്ല, മുഴുവന്‍ കേരളത്തിനും ഒരു അഭിമാന നിമിഷമായി മാറി.
മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫീസറായി മണി അഭിമാനത്തോടെ നില്‍ക്കുമ്പോള്‍, അദ്ദേഹത്തിനെ കാണാന്‍ അമ്മ ശിവ, അച്ഛമ്മ കാളിയമ്മ, സഹോദരിമാര്‍ ഉള്‍പ്പെടെ നല്ലശിങ്ക ഉന്നതിയില്‍ നിന്നെത്തിയ 28 പേരുടെ കണ്ണുകള്‍ സന്തോഷാശ്രുക്കളാല്‍ നിറഞ്ഞിരുന്നു. അമ്മയും അച്ഛമ്മയും മണിയെ ചേര്‍ത്തുപിടിച്ചപ്പോള്‍, വര്‍ഷങ്ങളായുള്ള കഷ്ടപ്പാടുകളുടെ ഭാരവും കണ്ണീരായി വഴുതിപ്പോയി. സുഹൃത്തുക്കളും നാട്ടുകാരും മണിയുടെ വിജയത്തില്‍ പങ്കുചേര്‍ന്ന് ആഹ്ലാദിച്ചു.
പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിഎസ്‌സി ഗണിതശാസ്ത്ര ബിരുദം നേടിയ മണി, 2010 മുതല്‍ പിഎസ്‌സി പരീക്ഷകള്‍ എഴുതിവരികയായിരുന്നു. സര്‍ക്കാര്‍ ജോലിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മണി ഏറ്റുവാങ്ങിയത് അനവധി കഷ്ടപ്പാടുകളാണ്. കരിങ്കല്‍ തൊഴിലാളി, കെട്ടിടനിര്‍മാണ ജോലിക്കാരന്‍, തൊഴിലുറപ്പ് തൊഴിലാളി എന്നിങ്ങനെ ജീവിതത്തിന്റെ പല വഴികളില്‍ കഠിനാധ്വാനം ചെയ്തിട്ടും, തന്റെ സ്വപ്‌നം ഒരിക്കലും വിട്ടുകൊടുത്തില്ല.
ജീവിതത്തിന്റെ വഴിത്തിരിവുകള്‍ എല്ലാം മണിയെ പരീക്ഷിച്ചു. ഒരിക്കല്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളോളം കിടപ്പിലായപ്പോഴും, മണിയുടെ മനസ്സില്‍ പോലിസിന്റെ കാക്കിക്കുപ്പായത്തിന്റെ സ്വപ്‌നം മാത്രം തെളിഞ്ഞുനിന്നു. അന്ന് സഹിച്ച വേദനകളാണ് ഇന്നത്തെ വിജയം കൂടുതല്‍ മധുരമാക്കുന്നത്.
നിലവില്‍ പെയിന്റിങ് ജോലികള്‍ ചെയ്തു വരികയായിരുന്ന മണിക്ക് ഒടുവില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ തസ്തികയില്‍ നിയമനം ലഭിച്ചു. 'ജീവിതത്തില്‍ അനവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെങ്കിലും, സ്വപ്‌നം കൈവരിക്കാമെന്ന വിശ്വാസം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല. ഇന്ന് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ സന്തോഷം വാക്കുകളില്‍ വിവരിക്കാനാകില്ല. കേരള പോലിസിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമാണ്,' സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ 'ഒബാമ' എന്നു വിളിക്കുന്ന മണി അഭിമാനത്തോടെ പറഞ്ഞു.
മണി കാക്കിക്കുപ്പായം അണിഞ്ഞുനില്‍ക്കുന്ന ഈ നിമിഷം നല്ലശിങ്ക ഉന്നതിയിലെ മാത്രമല്ല, മുഴുവന്‍ കേരളത്തിനും പ്രചോദനമായി മാറുന്നു. ജീവിതത്തിലെ കഠിനാധ്വാനവും സഹനവും ലക്ഷ്യത്തിലേക്കുള്ള ഉറച്ച വിശ്വാസവും ചേര്‍ന്നുണ്ടാക്കുന്ന വിജയത്തിന്റെ പാഠപുസ്തകമാണ് മണിയുടെ ജീവിതം.

