സ്ത്രീധനതര്‍ക്കം; യുവതിയെ മുറിയില്‍ പൂട്ടിയിട്ട് മുറിയിലേക്ക് പാമ്പിനെ തുറന്നുവിട്ടു, സംഭവത്തില്‍ കേസ്
ലഖ്‌നോ: സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് മുറിയിലേക്ക് പാമ്പിനെ തുറന്നുവിട്ടു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
രേഷ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പാമ്പിനെ ഓടയിലൂടെ തുറന്നുവിട്ടുവെന്നും രാത്രി വൈകി രേഷ്മയുടെ കാലില്‍ പാമ്പ് കടിച്ചുവെന്നും സഹോദരി റിസ്വാന പറഞ്ഞു.ഗുരുതരാവസ്ഥയിലായ രേഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2021 മാര്‍ച്ച് 19 നാണ് കാണ്‍പൂര്‍ സ്വദേശി ഷാനവാസുമായുള്ള രേഷ്മയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ വിവാഹത്തിനു തൊട്ടുപിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് റിസ്വാന പറഞ്ഞു.
വിവാഹം കഴിഞ്ഞതു മുതല്‍, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ അവളെ പരിഹസിക്കാനും ഉപദ്രവിക്കാനും തുടങ്ങി. കുടുംബം 1.5 ലക്ഷം രൂപ നല്‍കിയിട്ടും 5 ലക്ഷം കൂടി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍, തര്‍ക്കം രൂക്ഷമാവുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.