'സര്‍ക്കാരിന്റെ ശമ്പളം വാങ്ങി എകെജി സെന്ററിലെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കരുത്'; പോലിസിനെതിരേ വി ഡി സതീശന്‍

Update: 2025-10-11 06:05 GMT

തിരുവനന്തപുരം: സിപിഎം ക്രിമിനലുകളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന കേരള പോലിസിലെ ഗുണ്ടകളും ചേര്‍ന്നാണ് ഷാഫി പറമ്പില്‍ എംപിയെ ക്രൂരമായി മര്‍ദിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തന്നെ ഷാഫിയേയും പരിക്കേറ്റ മറ്റുള്ളവരേയും സൈബറിടങ്ങളിലും അല്ലാതെയും കേട്ടാലറക്കുന്ന ഭാക്ഷയില്‍ അധിക്ഷേപിക്കുകയാണെന്നും ഇതൊന്നും കൊണ്ട് പോരാട്ട വീര്യത്തെ തകര്‍ക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.

പോലിസ് ഒന്നും ചെയ്തില്ല, ലാത്തിയില്‍ തൊട്ടിട്ടേയില്ല എന്നൊക്കെയാണ് കോഴിക്കോട് റൂറല്‍ എസ്പി അടക്കമുള്ളവര്‍ ഇന്നലെ പറഞ്ഞത്. പച്ചകള്ളം പൊളിക്കുന്ന ദൃശ്യങ്ങളിതാണ്. ഷാഫിയെ ആക്രമിച്ചത് ബോധപൂര്‍വമാണ്. ഇത് കൊണ്ടൊന്നും അയ്യപ്പന്റെ സ്വര്‍ണം കട്ട കേസ് ഇല്ലാതാകില്ല. അഴിമതിയും കൊള്ളയും ജനമനസുകളില്‍ മായാതെ നില്‍ക്കുമെന്നും വ ഡി സതീശന്‍ പറഞ്ഞു.

രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ചില പോലിസ് ഉദ്യോഗസ്ഥരുണ്ടെന്ന് പറഞ്ഞ അദ്ദേഹം, പോലിസുകാര്‍ സര്‍ക്കാരിന്റെ ശമ്പളം വാങ്ങി എകെജി സെന്ററിലെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കരുതെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും വ്യക്തമാക്കി.

പേരാമ്പ്ര സികെജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്. കോളജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പേരാ്രമ്പയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനിടെ പേരാബ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ചു. ഇതിന്റെ ഭാഗമായി സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പോലിസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫിക്ക് പരിക്കേറ്റത്.

Tags: