മതഗ്രന്ഥങ്ങളെ അവമതിക്കരുത്: ഖുര്‍ആന്‍ ആയത്തുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിക്കെതിരേ ബിജെപി

Update: 2021-03-16 18:16 GMT

ന്യൂഡല്‍ഹി: ഖുര്‍ആന്‍ ആയത്തുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച മുന്‍ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ വസീം റിസ്‌വിക്കെതിരേ ബിജെപി. ബിജെപിയുടെ ദേശീയ വക്താവ് സയ്യദ് ഷാനവാസ് ഹുസൈനാണ് ഖുര്‍ആനിലെ ആയത്ത് നീക്കം ചെയ്യണമെന്ന ആവശ്യത്തെ അപലപിച്ച് രംഗത്തുവന്നത്. മതഗ്രന്ഥങ്ങളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബിജെപി അതിനെതിരാണെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

ഇത്തരം നടപടികളിലൂടെ രാജ്യത്തെ സാമുദായിക അന്തരീക്ഷം തകര്‍ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

''ഖുര്‍ആനില്‍ നിന്ന് 26 ആയത്തുകള്‍ നീക്കം ചെയ്യണമെന്ന വാസിം റിസ്‌വിയുടെ ഹരജിയെ പാര്‍ട്ടി തള്ളിക്കളയുന്നു. ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും മതഗ്രന്ഥങ്ങളെക്കുറിച്ച് അസംബന്ധമായ കാര്യങ്ങള്‍ പറയുന്നത് അപലപനീയമാണെന്നാണ് ബിജെപിയുടെ നിലപാട്''- ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി.

സുപ്രിംകോടതിയെ സമീപിച്ചതില്‍ റിസ്‌വിക്കെതിരേ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് നടന്നത്. കുടുംബം തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അദ്ദേഹം പ്രാര്‍ത്ഥിക്കുകയോ ഉപവസിക്കുകയോ ചെയ്യുന്നില്ല. ഇസ്‌ലാമുമായി യാതൊരു ബന്ധവും അദ്ദേഹത്തിനില്ലെന്ന് സഹോദരന്‍ പറഞ്ഞു.

ഖുര്‍ആനിലെ 26 ആയത്തുകള്‍ 'അക്രമത്തെ പ്രേരിപ്പിക്കുന്നുവെന്നും ആദ്യത്തെ മൂന്ന് ഖലീഫകളുടെ കാലത്താണ് ഇത് ഖുര്‍ആന്റെ ഭാഗമാകുന്നതെന്നുമാണ് റിസ്‌വിയുടെ ആരോപണം.

Tags:    

Similar News