കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ശിവകുമാറിനെ ആദ്യം ആശുപത്രിയില്‍ എത്തിക്കണമെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയാല്‍ മാത്രമെ തിഹാര്‍ ജയിലിലേക്ക് അയയ്ക്കാവൂ എന്നും പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.

Update: 2019-09-17 18:15 GMT

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ ഒന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതിയാണ് ഉത്തരവിട്ടത്. ശിവകുമാറിനെ ആദ്യം ആശുപത്രിയില്‍ എത്തിക്കണമെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയാല്‍ മാത്രമെ തിഹാര്‍ ജയിലിലേക്ക് അയയ്ക്കാവൂ എന്നും പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.

ശിവകുമാറിന്റെ ചികിത്സാ രേഖകള്‍ പരിശോധിച്ച കോടതി അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയയ്ക്കുന്നപക്ഷം വൈദ്യ സഹായവും മരുന്നുകളും ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇഡി കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ശിവകുമാറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം, ശിവകുമാറിനെ ചോദ്യം ചെയ്ത് അവസാനിച്ചില്ലെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജനാണ് ഇഡിക്ക് വേണ്ടി ഹാജരായത്.

Tags:    

Similar News