മുഴുവന്‍ ലോക്സഭയും പിരിച്ചുവിട്ട്, പുതിയ തെരഞ്ഞെടുപ്പ് നടത്തണം; അഭിഷേക്ബാനര്‍ജി
ആവശ്യമെങ്കില്‍ ഞാനും രാജിവെക്കും
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭ പിരിച്ചുവിടണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. രാജ്യത്തെ വോട്ടര്‍ പട്ടികയില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍നിന്ന് ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നും പറഞ്ഞ ബാനര്‍ജി തെരഞ്ഞെടുപ്പ് കമീഷന്റെ സമഗ്രതയെയും ചോദ്യം ചെയ്തു.
തെറ്റായ വോട്ടര്‍ പട്ടികകളുടെ പ്രശ്‌നം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും അഭിഷേക് പറഞ്ഞു. അദ്ദേഹം അതിനെ ഒരു 'ദേശീയ പ്രശ്‌നം' എന്ന് വിശേഷിപ്പിക്കുകയും ബി.ജെ.പി ചില സംസ്ഥാനങ്ങളെ തെരഞ്ഞെടുത്ത് ഉന്നം വെച്ചതായി ആരോപിക്കുകയുംചെയ്തു. 'ഒരു എപിക് നമ്പറില്‍ ഒന്നിലധികം വോട്ടര്‍മാരുണ്ട്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയും നല്‍കുന്ന ഡാറ്റയല്ല. ഇത് തെരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റയാണ്. ബി.ജെ.പി എന്തിന് കമീഷനെ പ്രതിരോധിക്കണം?' ഭരണകക്ഷിയെ വെല്ലുവിളിച്ച അഭിഷേക്, ആരോപണവിധേയമായ പൊരുത്തക്കേടുകള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ എല്ലാ എം.പിമാരും രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യട്ടെ'യെന്നും അദ്ദേഹം പറഞ്ഞു. 'ബി.ജെ.പി അധികാരത്തില്‍ വന്നത് വോട്ട് കൊള്ളയിലൂടെയാണ്. ആവശ്യമെങ്കില്‍ ഞാനും രാജിവെക്കും. പുതിയ തെരഞ്ഞെടുപ്പുകള്‍ നടത്തട്ടെയെന്നും' അഭിഷേക് വെല്ലുവിളിച്ചു. കൃത്രിമത്വം തെളിയിക്കപ്പെട്ടാല്‍ കമീഷനെതിരെ ക്രിമിനല്‍ നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.