കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തല്‍: അഭിഭാഷകനും സ്വകാര്യ ചാനലിനുമെതിരേ ലീഗിന്റെ പരാതി

Update: 2022-12-28 09:13 GMT

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനും അഭിമുഖം പ്രസിദ്ധീകരിച്ച സ്വകാര്യ ചാനലിനുമെതിരേ മുസ് ലിം ലീഗ് പോലിസില്‍ പരാതി നല്‍കി. മുസ്‌ലിം ലീഗ് പോഷക സംഘടനയായ കേരള ലോയേഴ്‌സ് ഫോറം കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി എ ഫൈസലാണ് അഡ്വ. ടി പി ഹരീന്ദ്രന്‍, കണ്ണൂര്‍ വിഷന്‍ ചാനല്‍ എംഡി പ്രിജെ എ ചാണ്ടി, റിപോര്‍ട്ടര്‍ മനോജ് മയ്യില്‍ എന്നിവര്‍ക്കെതിരേ കാസര്‍കോട് എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയത്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിക്കെതിരേ ഇലക്ട്രോണിക് മീഡിയയിലൂടെ കളവും അടിസ്ഥാനരഹിതവുമായ അപവാദപ്രചാരണങ്ങള്‍ നടത്തി സാമൂഹിക പദവിയും മതിപ്പും ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ആരോപണമുന്നയിച്ച അഭിഭാഷകന് അരിയില്‍ ഷുക്കൂര്‍ കേസുമായി യാതൊരു ബന്ധവുമില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തോട് നിയമോപദേശം തേടിയെന്ന് പറയുന്നത് ശുദ്ധകളവാണ്. അഭിമുഖത്തിലുടനീളം കുഞ്ഞാലിക്കുട്ടിക്കെതിരേ മോശം പദപ്രയോഗം നടത്തി തേജോവധം ചെയ്യാന്‍ ശ്രമിച്ചു. അഭിമുഖത്തിന്റെ തുടക്കത്തില്‍തന്നെ കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെക്കുറിച്ച് ചോദിക്കുന്നതുതന്നെ ചാനല്‍ റിപോര്‍ട്ടറും അഭിഭാഷകനും തമ്മില്‍ നേരത്തെ ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവാണ്. അതുകൊണ്ട് അഭിഭാഷകനും ചാനലിനുമെതിരേ നിയമനടപടി സ്വീകരിക്കുന്നതിനും ഇതിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതിനും ഉത്തരവുണ്ടാവണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

Tags:    

Similar News