തിരുവനന്തപുരം: സംസ്ഥാന പോലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താറുമാറാകുകയാണ് എന്ന് ഡിജിപി യോഗേഷ് ഗുപ്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും പോലിസ് ആസ്ഥാനം മറുപടി നല്‍കാതിരുന്നതാണ് വിവാദത്തിന് കാരണമായത്.
യോഗേഷ് ഗുപ്ത വിജിലന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് രഹസ്യസ്വഭാവമുള്ള കാര്യമാണ് എന്ന നിലപാടിലാണ് പോലിസ് ആസ്ഥാനം മറുപടി നല്‍കിയത്. ഇതിനെ തുടര്‍ന്ന് യോഗേഷ് ഗുപ്ത റവാഡ ചന്ദ്രശേഖറിന് കത്ത് അയച്ച്, പോലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താഴോട്ടുപോകുകയാണെന്ന് ആരോപിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി യോഗേഷ് ഗുപ്ത സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായ ഗുപ്ത, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലൂടെയും അപേക്ഷ നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല.
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നൊരു കത്ത് മുന്‍ പോലിസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ലഭിച്ചിരുന്നു. വിജിലന്‍സ് ക്ലിയറന്‍സ് പോലിസ് മേധാവി നല്‍കണം എന്നായിരുന്നു കത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പോലിസ് ആസ്ഥാനത്തിന് അത് നല്‍കാനാകില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനിടയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ചത്.
അതിനുശേഷം പുതിയ പോലിസ് മേധാവിയോട് യോഗേഷ് ഗുപ്ത വിജിലന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും, രഹസ്യ ബ്രാഞ്ചില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്നു ചൂണ്ടിക്കാട്ടി വിവരാവകാശ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നാണ് യോഗേഷ് ഗുപ്ത പോലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
