സന്ദര്‍ശകന്‍ കൊവിഡ് വന്ന് മരിച്ചു: ഹിമാചലില്‍ പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചുപൂട്ടി; പോലിസ് മേധാവിയും 30 പോലിസുകാരും ക്വാറന്റീനില്‍; രോഗി മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദര്‍ശിച്ചെന്നും അഭ്യൂഹം

Update: 2020-06-10 03:10 GMT

ഷിംല: ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന പോലിസ് മേധാവിയും മറ്റ് 30 പോലിസ് ഉദ്യോഗസ്ഥരും വീടുകളില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. പോലിസ് മേധാവിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ വച്ച് കണ്ട ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ കൊവിഡ് വന്ന് മരിച്ചതിനെ തുടര്‍ന്നാണ് മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡിജിപി അടക്കമുള്ളവരെ ക്വാറന്റീനിലാക്കിയത്. ചൊവ്വാഴ്ച വൈകീട്ടാണ് സന്ദര്‍ശകന്‍ മരിച്ചത്. മരണ വാര്‍ത്ത അറിഞ്ഞ ഉടനെ സംസ്ഥാന പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അടച്ച് സീല്‍ ചെയ്തു. കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികള്‍ തുടരുന്നു. ഇതേ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതായും സൂചനയുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള ഒരു പ്രമുഖന്‍ സഞ്ജയ് കുണ്ടുവാണ് ജൂണ്‍ 1ാം തിയ്യതി ഡിജിപിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ വച്ച് കണ്ടത്. മെയ് 31 വരെ കുണ്ടു എക്‌സൈസ്, വിജിലന്‍സ്, ടാക്‌സേഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. കൂടാതെ ഡല്‍ഹിയിലെ ഹിമാചല്‍ പ്രദേശിന്റെ റസിഡന്റ് കമ്മീഷ്ണറുമായിരുന്നു. ഇപ്പോള്‍ അദ്ദേഹം സര്‍വീസിലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

''ജൂണ്‍ ഒന്നിന് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ച ഒരാള്‍ അന്നുതന്നെ ഡല്‍ഹിയിലേക്ക് പോയിരുന്നു. ജൂണ്‍ 8ന് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു. ജൂണ്‍ 9ന് മരിക്കുകയും ചെയ്തതായി അറിയുന്നു. അദ്ദേഹം സന്ദര്‍ശിച്ച പ്രദേശങ്ങള്‍ സീല്‍ചെയ്ത് അണുവിമുക്തമാക്കാനുളള നടപടികള്‍ തുടരുന്നു''- പോലിസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

സന്ദര്‍ശകനുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരോടും ഐസൊലേഷനിലേക്ക് പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു, തുടര്‍ന്നാണ് പോലിസ് മേധാവിയടക്കമുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. എല്ലാവരോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്നതിനുശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

ഇപ്പോള്‍ അടച്ചുപൂട്ടിയ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ 200ഓളം പോലിസുകാരാണ് ഉളളത്. അഡി. ഡയറക്ടര്‍ ജനറല്‍(ക്രമസമാധാനം), അഡീഷണല്‍ ഡിജിപി, ഐജി(സായുധവിഭാഗം ട്രയിനിങ്), ഐജി(ഹെഡ്ക്വാര്‍ട്ടേഴ്‌സ്), എസ് പി(സൈബര്‍ വിഭാഗം), എസ്പി(ക്രമസമാധാനം)തുടങ്ങിയവരുടെ ഓഫിസും ഇതേ കെട്ടിടത്തിലാണ്.

ഡല്‍ഹിയില്‍നിന്ന് വന്ന ഒരാള്‍ എങ്ങനെയാണ് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തിയതെന്നും അതിന് അനുമതി ലഭിച്ചതെന്നും സംബന്ധിച്ച് പോലിസ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിച്ചതും തിരിച്ച് പോയതും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണെന്നതും ആരാണ് അനുമതി നല്‍കിയതെന്നതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.

അദ്ദേഹം ഇതിനു പുറമെ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫിസും സെക്രട്ടേറിയറ്റും സന്ദര്‍ശിച്ചിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ സംസ്ഥാനം ഭരണസ്തംഭനത്തേക്ക് പോകുന്നു എന്നതായിരിക്കും ഫലം. 

Tags:    

Similar News