ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഫട്‌നവിസ്; മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് 5380 കോടി

മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്‌നവിസ് സംസ്ഥാനത്തെ കര്‍ഷകപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു.ഈ വിഷയം ഇന്ന് ചീഫ് സെക്രട്ടറിയുമായും ഫിനാന്‍സ് സെക്രട്ടറിയുമായും ചര്‍ച്ച ചെയ്യുമെന്ന് ഫട്‌നവിസിന്റെ ഓഫിസ് അറിയിച്ചു.

Update: 2019-11-26 02:50 GMT

മുംബൈ: സര്‍ക്കാരിന്റെ ഭാവി സംബന്ധിച്ച് കടുത്ത അനിശ്ചിതത്വം നിലനില്‍ക്കെ ജനങ്ങളെ പാട്ടിലാക്കാന്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കാലംതെറ്റി പെയ്ത മഴയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാന ആകസ്മിക സംഭവങ്ങള്‍ക്കായുള്ള ഫണ്ടില്‍ നിന്ന് 5,380 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് (സിഎംഒ) ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്‌നവിസ് സംസ്ഥാനത്തെ കര്‍ഷകപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു.ഈ വിഷയം ഇന്ന് ചീഫ് സെക്രട്ടറിയുമായും ഫിനാന്‍സ് സെക്രട്ടറിയുമായും ചര്‍ച്ച ചെയ്യുമെന്ന് ഫട്‌നവിസിന്റെ ഓഫിസ് അറിയിച്ചു. കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം പ്രഖ്യാപിക്കും.

മഹാരാഷ്ട്രയില്‍ മഴയില്ലാതെ വലഞ്ഞ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം മാത്രം 12,000 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര.


വരള്‍ച്ചാ ദുരിതാശ്വാസത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ഇതിനുള്ള ഫണ്ട് സ്വീകരിക്കുന്ന കാര്യം ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതായും ഈ പദ്ധതി നടത്തിപ്പിനായി പ്രത്യേക പദ്ധതി ക്യാബിനറ്റിന് മുന്നില്‍ വച്ചതായും പദ്ധതിക്കായി ലോകബാങ്ക് 3500 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചതായും ഫട്‌നവിസിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു.കാന്‍സര്‍ ബാധിതയായ ഒരു സ്ത്രീക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കുന്നതായിരുന്നു ഫട്‌നവിസ് ചുമതലയേറ്റ് ആദ്യം ഒപ്പിട്ട ഫയലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒപ്പം പതിനായിരം ഗ്രാമങ്ങളെ കോര്‍പ്പറേറ്റുകളുമായി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് വില്ലേജ് പദ്ധതിയെക്കുറിച്ചും ചര്‍ച്ച നടന്നതായും ഫട്‌നവിസിന്റെ ഓഫിസ് അറിയിച്ചു.

Tags:    

Similar News