ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പരിശീലനം വിലക്കി ദേവസ്വം ബോര്‍ഡ്; ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നത് അവസാനിപ്പിക്കണം

ശാഖാപ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയുന്നതിനുള്ള നടപടികള്‍ ക്ഷേത്രം ജീവനക്കാര്‍ സ്വീകരിക്കണം, സംഭവം കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്

Update: 2021-04-02 01:10 GMT

കോഴിക്കോട്: ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തുന്നതായി അറിയിച്ച് ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കി. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആയുധപരിശീലനത്തോടെ ആര്‍എസ്എസ് നടത്തുന്ന ശാഖ ഉള്‍പ്പടെ എല്ലാ വിധ പ്രവര്‍ത്തനങ്ങളും വിലക്കുന്നതായിട്ടാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്.


ക്ഷേത്രത്തിന്റെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ലാതെ ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനം നടത്തുന്നതിനോ മാസ് ഡ്രില്ലുകള്‍ക്കോ ക്ഷേത്രത്തിന്റെ സ്ഥാവര ജംഗമസ്വത്തുക്കള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. ഇതൊന്നും ശ്രദ്ധിക്കാതെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാരും സബ് ഗ്രൂപ്പ് ഓഫിസര്‍മാരും ദേവാലയങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ഇത്തരം പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഗൗരവപൂര്‍വ്വം വീക്ഷിക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു.ശാഖാപ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയുന്നതിനുള്ള നടപടികള്‍ ക്ഷേത്രം ജീവനക്കാര്‍ സ്വീകരിക്കണം, സംഭവം കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ ജീവനക്കാര്‍ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികള്‍ സ്വീകരിക്കും.


1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പരിശീലനം അവസാനിപ്പിക്കുമെന്ന് മൂന്നു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിരുന്നില്ല. സിപിഎം നേതാക്കള്‍ ഉള്‍പ്പടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.




Tags: