നോട്ട് നിരോധനക്കേസ്: സുപ്രിംകോടതി വിധി ഇന്ന്

Update: 2023-01-02 01:49 GMT

ന്യൂഡല്‍ഹി: നോട്ട് നിരോധനക്കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. 1000 ന്റെയും 500 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയുടെ സാധുത ചോദ്യം ചെയ്ത ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എസ് എ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. നോട്ട് നിരോധനത്തിന്റെ സാധുത ചോദ്യം ചെയ്തത് സമര്‍പ്പിച്ച 58 ഹരജികളിലാണ് സുപ്രിംകോടതി വിധി പറയുക.

ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി.വി നാഗാര്‍ഥന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ റിസര്‍വ് ബാങ്കിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി ചിദംബരമാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. നോട്ട് നിരോധനം രാജ്യത്തെ നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്നും സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞെന്നും ചിദംബരം വധിച്ചു.

നോട്ട് അസാധുവാക്കാനുള്ള സര്‍ക്കാരിന്റെ ഏത് അധികാരവും സെന്‍ട്രല്‍ ബോര്‍ഡിന്റെ ശുപാര്‍ശയില്‍ മാത്രമാണെന്നും എന്നാല്‍ നിലവിലെ കേസില്‍ നടപടിക്രമങ്ങള്‍ അട്ടിമറിക്കപ്പെട്ടെന്നും ചിദംബരം വാദിച്ചു. സാമ്പത്തിക നയത്തിനുമേല്‍ കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. അതേസമയം, നോട്ട് നിരോധനംകൊണ്ട് ഉദ്ദേശിച്ച നേട്ടമുണ്ടായില്ലെന്ന് പരോക്ഷമായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു.

നോട്ട് അസാധുവാക്കല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ത്തന്നെയും ആ നടപടി നിയമപരമായി അസാധുവാവുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി പറഞ്ഞത്. കള്ളപ്പണം, വ്യാജ കറന്‍സി, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം തുടങ്ങിയവ ജരാസന്ധന്‍മാരെപ്പോലെ രാജ്യത്തെ കടന്നാക്രമിച്ച അവസരത്തില്‍ അസാധുവാക്കല്‍ അനിവാര്യമായിരുന്നു.

നോട്ട് നിരോധനംമൂലം ജനങ്ങള്‍ക്ക് ചില പ്രയാസം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവാം. അത് നടപടിയുടെ ദൂഷ്യമായി വിലയിരുത്താനാവില്ലെന്ന് എജി പറഞ്ഞു. എന്നാല്‍, അതിനര്‍ഥം കോടതി കൈയുംകെട്ടി നോക്കിയിരിക്കുമെന്നല്ലെന്ന് സുപ്രിംകോടതിയും വ്യക്തമാക്കിയിരുന്നു. നോട്ടുനിരോധന തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കും.

സാമ്പത്തിക നയപരമായ തീരുമാനമായതിനാല്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന കേന്ദ്രവാദം അംഗീകരിക്കാനാവില്ല. നോട്ട് നിരോധിക്കുന്ന കാര്യം റിസര്‍വ് ബാങ്കിനെ അറിയിച്ചോയെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. നോട്ട് നിരോധിക്കാന്‍ ശുപാര്‍ശ കൈമാറിയത് തങ്ങളാണെന്ന് റിസര്‍വ് ബാങ്ക് കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ണായും പാലിച്ചാണ് ശുപാര്‍ശ കൈമാറിയതെന്ന് ആര്‍ബിഐക്കുവേണ്ടി അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

Tags: