'ഡല്‍ഹിയില്‍ കേന്ദ്രവും എഎപി സര്‍ക്കാരും നോക്കുകുത്തികള്‍': സോണിയാ ഗാന്ധി രാഷ്ട്രപതിയെ കണ്ടു

സ്ഥിതിഗതികള്‍ പഠിച്ചുവരികയാണെന്നും വേണ്ടത് ചെയ്യുമെന്നും രാഷ്ട്രപതി ഉറപ്പു നല്‍കിയെന്ന് സോണിയ ഗാന്ധി

Update: 2020-02-27 09:48 GMT

ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ചുവിടുന്ന ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. സോണിയാഗാന്ധിയ്ക്കു പുറമെ കോണ്‍ഗ്രസ്സിന്റെ സീനിയര്‍ നേതാക്കളും കോണ്‍ഗ്രസ് പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഡല്‍ഹിയില്‍ സംഘപരിവാര്‍ അക്രമം നടത്തുമ്പോള്‍ കേന്ദ്രവും ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരും നോക്കുകുത്തികളായെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. അക്രമങ്ങള്‍ നടക്കുമ്പോള്‍ നിശ്ശബ്ദനായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

''അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈകൊള്ളുന്നതിനു പകരം കേന്ദ്രവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരും നോക്കുകുത്തികളെപ്പോലെ നിശ്ശബ്ദരായിരുന്നു. ഡല്‍ഹിയില്‍ കൊളളയും കൊലപാതകങ്ങളും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്- രാഷട്രപതി ഭവനില്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചതിനു ശേഷം സോണിയാഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

സോണിയാഗാന്ധിയക്കു പുറമെ രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, പാര്‍ട്ടി നേതാക്കളായ അഹമ്മദ് പട്ടേല്‍, രന്‍ദീപ് സര്‍ജെവാല തുടങ്ങിയവരും പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.

''കഴിഞ്ഞ നാല് ദിവസമായി ഡല്‍ഹിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണെന്ന് പ്രതിനിധിസംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. ഡല്‍ഹി സംഭവം ഗുരുതരമാണെന്നും രാജ്യത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഡല്‍ഹിയില്‍ 34 പേര്‍ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. 200 പേര്‍ക്ക് പരിക്കുപറ്റി. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്.'' മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

സ്ഥിതിഗതികള്‍ പഠിച്ചുവരികയാണെന്നും വേണ്ടത് ചെയ്യുമെന്നും രാഷ്ട്രപതി ഉറപ്പു നല്‍കിയെന്ന് സോണിയ ഗാന്ധി പറഞ്ഞു. 

Tags:    

Similar News