ഡല്‍ഹി കലാപ കേസ്: ഉമര്‍ ഖാലിദിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

Update: 2022-10-18 09:20 GMT

ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഗൂഢാലോച ആരോപിച്ച് യുഎപിഎ ചുമത്തിയ കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് ജാമ്യം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. ജാമ്യാപേക്ഷയില്‍ കഴമ്പില്ലെന്ന് ആരോപിച്ച് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

2020 സെപ്റ്റംബറില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദ്, നഗരത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയിലെ അക്രമങ്ങളില്‍ തനിക്ക് പങ്കില്ലെന്നും കേസിലെ മറ്റ് പ്രതികളുമായി ഗൂഢാലോചനാപരമായ ബന്ധമില്ലെന്നും വിശദീകരിച്ചാണ് ജാമ്യഹരജി നല്‍കിയത്.

ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവര്‍ ഡല്‍ഹിയിലെ ജാമിയ ഏരിയയിലെ പ്രതിഷേധങ്ങളുടെയും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും അരങ്ങേറിയ കലാപങ്ങളുടെയും ആസൂത്രകന്‍മാരാണെന്നാണ് ഡല്‍ഹി പോലിസിന്റെ വാദം. യുഎപിഎയിലേയും ഐപിസിയിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.

ബാബറി മസ്ജിദ്, മുത്തലാഖ്, കശ്മീര്‍, മുസ്‌ലിംകളെ അടിച്ചമര്‍ത്തല്‍, എന്‍ആര്‍സി, സിഎഎ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ച് 2020 ഫെബ്രുവരിയില്‍ അമരാവതിയില്‍ ഖാലിദ് നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് വാദിച്ചത്. എന്‍ആര്‍സി വിഷയത്തില്‍ ഗവണ്‍മെന്റിനെതിരെ തെരുവില്‍ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്‌തെന്നും പ്രസാദ് വാദമുയര്‍ത്തി. എന്നാല്‍, ഒരു നിയമത്തിനെതിരായ പ്രതിഷേധം ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടുന്ന മൗലികാവകാശങ്ങള്‍ക്കുള്ളിലാണെന്ന് ഖാലിദിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധത്തിന് പുറമെ അക്രമത്തിന് ആഹ്വാനം ചെയ്തതിന് തെളിവുകളില്ലാത്തതിനാല്‍ ഗൂഢാലോചന ആരോപണങ്ങള്‍ 'സാങ്കല്‍പ്പികവും' പോലിസ് കെട്ടിച്ചമച്ചതുമാണെന്ന് ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിക്ക്ുകയായിരുന്നു.

Tags:    

Similar News