ഡല്‍ഹിയില്‍ യാത്രക്കാര്‍ ഒരു തെരുവ് കച്ചവടക്കാരന്റെ പഴക്കുട്ടകള്‍ കൊള്ളയടിച്ചു

Update: 2020-05-23 01:59 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലം മനുഷ്യത്വത്തിന്റെ ഉയര്‍ന്ന പ്രകടനങ്ങള്‍ കണ്ട കാലമാണ്. അതേസമയം ചില കെട്ടവാര്‍ത്തകളും നമ്മെ തേടിയെത്തുന്നുണ്ട്. അത്തരമൊരു വാര്‍ത്തയാണ് വടക്കന്‍ ഡല്‍ഹിയിലെ ജഗത്പുരി പ്രദേശത്തുനിന്ന് പുറത്തുവന്നിട്ടുള്ളത്. ജഗത്പുരിയിലെ തെരുവില്‍ പഴങ്ങള്‍ വിറ്റ് ജീവിക്കുന്ന ഛോട്ടയ്ക്കാണ് ആ ദുരനുഭവം നേരിട്ടത്.

തെരുവിലെ ഒരു അറ്റത്തെ സ്‌കൂളിനു മുന്നില്‍ ചെറിയൊരു തര്‍ക്കം നടന്നു. ഒരു കൂട്ടം ആളുകള്‍ ഛോട്ടയുടെ അടുത്തെത്തി പഴംവണ്ടി മാറ്റിക്കൊടുക്കാന്‍ പറഞ്ഞു. അദ്ദേഹം അത് മാറ്റിക്കൊടുത്തു. ഇത്തവണ അദ്ദേഹത്തിന് പഴുത്ത മാങ്ങയാണ് വില്‍പ്പനയ്ക്ക് ലഭിച്ചത്. വഴിയില്‍ പോകുന്ന ചിലര്‍ പഴം വണ്ടി ആളില്ലാതെ കിടക്കുന്നതു കണ്ടതോടെ സാഹചര്യം മുതലെടുത്തു. അവര്‍ കൂട്ടംകൂട്ടമായി വന്ന് കൂടകള്‍ കൊള്ളയടിച്ചു. കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്.

ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ വണ്ടി നിര്‍ത്തി തങ്ങളുടെ ഹെല്‍മെറ്റുകളില്‍ മാങ്ങ നിറച്ചുപോകുന്നതും കാല്‍നടയാത്രക്കാര്‍ തങ്ങളുടെ കൈയില്‍ കൊള്ളാവുന്നിടത്തോളം എടുത്ത് നടന്നുനീങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആളുകളെ വിളിച്ചുവരുത്തി കൊളളയടിക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്.

30000 വരുന്ന 15 ചാക്ക് മാങ്ങയാണ് ഛോട്ടയ്ക്ക് നഷ്ടമായത്. ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഉളളതെല്ലാം പറക്കി ഛോട്ട കച്ചവടത്തിനിറങ്ങിയത്. പക്ഷേ, ഒരു നിമിഷത്തിനുള്ളില്‍ അതെല്ലാം ആവിയായി പോയതിന്റെ സങ്കടത്തിലാണ് കച്ചവടക്കാരന്‍. പഴക്കൂട കൊള്ളയടിച്ചതിനെതിരേ പരാതി കൊടുത്തെങ്കിലും പോലിസ് കേസെടുത്തിട്ടില്ല.

അദ്ദേഹത്തെ സഹായിക്കാന്‍ എന്‍ഡിടിവി ഒരു കാംപയില്‍ ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News