ഡല്‍ഹി സ്‌ഫോടനം: സ്ഥലത്ത് ദുര്‍ഗന്ധമോ ആര്‍ഡിഎക്സിന്റെ അംശമോ ഇല്ല, അന്വേഷണം പുരോഗമിക്കുന്നുവെന്ന് എന്‍ഐഎ

Update: 2025-11-12 08:20 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനം നടന്ന സ്ഥലത്ത് ദുര്‍ഗന്ധമോ ആര്‍ഡിഎക്സിന്റെ അംശമോ സ്‌ഫോടനസമയത്തുണ്ടാകുന്ന ഗര്‍ത്തമോ ഇല്ലാത്തത് ദുരൂഹതയുണ്ടാക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. കാറില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ ചാവേര്‍ ആക്രമണമല്ലെന്നാണ് വിലയിരുത്തല്‍.

നിര്‍മാണം പൂര്‍ത്തിയാകാത്ത സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിയതാകാം എന്നും റിപോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണ്. പരിശോധനാ ഫലം വന്നാലെ യഥാര്‍ഥകാരണം വ്യക്തമാകൂ എന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഉരുകിയ വാഹന ഭാഗങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, രക്തത്തിന്റെ അംശം അടങ്ങിയ ജൈവ സാമ്പിളുകള്‍ എന്നിവയുള്‍പ്പെടെ പിടിച്ചെടുത്ത എല്ലാ വസ്തുക്കളുടെയും വിശദമായ പരിശോധന നടത്തും.

അതേസമയം, ചെങ്കോട്ട സ്‌ഫോടനവും ഫരീദാബാദിലെ കണ്ടെത്തലും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണെന്ന് ഡല്‍ഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആ കേസില്‍, ജമ്മു കശ്മീര്‍ പോലിസ് ധൗജ് ഗ്രാമത്തിലെ ഒരു വാടക വീട്ടില്‍ നിന്ന് 350 കിലോ അമോണിയം നൈട്രേറ്റ്, ഒരു എകെ-47 റൈഫിള്‍, ഒരു പിസ്റ്റള്‍, 20 ടൈമറുകള്‍, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവ പിടിച്ചെടുത്തു. ചെങ്കോട്ട സ്‌ഫോടനവും ഫരീദാബാദ് വേട്ടയും തമ്മില്‍ ബന്ധമുണ്ടോ അതോ വെവ്വേറെ സംഭവങ്ങളാണോ എന്ന തരത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ തലസ്ഥാനം അതീവ ജാഗ്രതയിലാണ്.

Tags: