പ്രധാനമന്ത്രിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം; ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് സംസ്ഥാന അധ്യക്ഷനെ കസ്റ്റഡിയിലെടുത്തു

Update: 2022-10-13 10:00 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീഡിയോയിലൂടെ അപകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്നതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് അധ്യക്ഷനെ ദേശീയ വനിതാ കമ്മീഷന്‍ ഡല്‍ഹി ഓഫിസില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഗോപാല്‍ ഇറ്റാലിയയാണ് ഇപ്പോള്‍ ഡല്‍ഹി പോലിസിന്റെ കസ്റ്റഡിയിലുള്ളത്. 

ഇതേ കേസില്‍ സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്നാണ് ഗോപാല്‍ ഇറ്റാലിയ കമ്മീഷന്‍ ഓഫീസില്‍ ഹാജരായത്. തന്നെ ജയിലില്‍ അടയ്ക്കുമെന്ന് എന്‍സിഡബ്ല്യു മേധാവി രേഖ ശര്‍മ്മ ഭീഷണിപ്പെടുത്തിയെന്ന് ഗോപാല്‍ ഇറ്റാലിയ അവകാശപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷമാണ് പോലിസ് അദ്ദേഹത്തെ കൊണ്ടുപോയത്. 

തന്റെ ഓഫിസിന് പുറത്ത് ആം ആദ്മി പാര്‍ട്ടി (എഎപി) പ്രവര്‍ത്തകര്‍ ബഹളം വെച്ചെന്ന് ശര്‍മ്മ ആരോപിച്ച് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഇറ്റാലിയയുടെ ആരോപണം. പുതിയ സംഭവങ്ങള്‍ എഎപിയും ബിജെപിയും തമ്മില്‍ സംഘര്‍ഷത്തിനു കാരണണായി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചു. സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ അറിയാവുന്ന ഒരു പാര്‍ട്ടിയില്‍ പെട്ടതിനാലാണ് ഇറ്റാലിയയെ തടങ്കലിലാക്കിയതെന്നും പറഞ്ഞു. 'ആളുകളെ എങ്ങനെ പഠിപ്പിക്കണമെന്നും സ്‌കൂളുകള്‍ മെച്ചപ്പെടുത്തണമെന്നും അവര്‍ക്ക് അറിയില്ല,' -അദ്ദേഹം പറഞ്ഞു.

2019ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ഒരു വിവാദ വീഡിയോയുമായി ബന്ധപ്പെട്ടതാണ് കേസ്. അതില്‍ പ്രധാനമന്ത്രി മോദിയെ വിശേഷിപ്പിക്കാന്‍ 'നീച്ച് ആദ്മി (താഴ്ന്ന വ്യക്തി)' ഉള്‍പ്പെടെയുള്ള അധിക്ഷേപ പദങ്ങള്‍ ഇറ്റാലിയ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാഷ ലിംഗാധിഷ്ഠിതവും സ്ത്രീവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഇന്ന് അദ്ദേഹത്തെ ഈ കേസില്‍ ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. 

Tags:    

Similar News