ചാനല്‍ ചര്‍ച്ചയില്‍ ജഡ്ജിയെ അധിക്ഷേപിച്ചു; കോടതിയില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര

Update: 2022-10-10 07:46 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പുപറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനോ വിചാരണയില്‍ അവിശ്വാസം രേഖപ്പെടുത്താനോ താന്‍ ശ്രമിച്ചിട്ടില്ലെന്നു ബൈജു കോടതിയില്‍ പറഞ്ഞു. താന്‍ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറഞ്ഞത്. കോടതിയലക്ഷ്യ നടപടികളിലേയ്ക്ക് കടന്ന സ്വകാര്യചാനലിന്റെ വീഡിയോ ക്ലിപ്പുകള്‍ ഇതുവരെ തനിക്ക് ലഭിച്ചില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. മാപ്പ് രേഖാമൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതി ഈ മാസം 25ലേക്ക് ഹരജി പരിഗണിക്കാന്‍ മാറ്റി. വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ബൈജുവിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. അതേസമയം, കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഇയാളുടെ ആവശ്യം കോടതി തള്ളി. ചാനല്‍ ചര്‍ച്ചയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്കെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വിചാരണക്കോടതി ജഡ്ജിയെയും നീതി സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ബൈജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന വിലയിരുത്തലിലാണ് കേസെടുത്തത്.

Tags: