ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ മറ്റു ചികിത്സകളും ലഭ്യമാക്കണമെന്ന് എസ്ഡിപിഐ

Update: 2020-09-29 12:00 GMT

മലപ്പുറം: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഇതര ചികില്‍സകളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും എസ്ഡിപിഐ നിവേദനം നല്‍കി. കൊവിഡ് ആശുപത്രിയാക്കിയതുമൂലം അടിയന്തര ചികില്‍സയ്ക്ക് വരുന്ന രോഗികള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളേജിലെ സേവനം ലഭ്യമാകുന്നില്ല. കഴിഞ്ഞ ദിവസം ഗര്‍ഭിണിയെ കൊവിഡ് ആശുപത്രിയുടെ പേര് പറഞ്ഞു ചികില്‍സ നിഷേധിച്ചതിനാല്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം ജില്ലയ്ക്ക് അപമാനമായിരിക്കുകയാണ്.

പ്രതിദിനം 2500ലധികം രോഗികളാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയിരുന്നത്. സര്‍ക്കാര്‍ ഒരുക്കിയ താലൂക്ക് ആശുപത്രിയും ടി ബി ആശുപത്രി അടക്കമുള്ള ബദല്‍ സംവിധാനങ്ങളും അപര്യാപ്തമാണ്.

പ്രതിമാസം അഞ്ഞൂറിലധികം പ്രസവങ്ങളും ആയിരത്തിലധികം സര്‍ജറികളുമാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടന്നിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കൊവിഡ് ആശുപത്രിയായി ഉയര്‍ത്തിയതിനാല്‍ മറ്റു ഇതര രോഗികള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളേജിനെ ആശ്രയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങള്‍ അരങ്ങേറുന്നത്.

സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളേജുകളില്‍ കൊവിഡ് ഇതര ചികിത്സയും മറ്റു സര്‍ജറികളും മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാല്‍ മലപ്പുറത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള സംവിധാനം നിലവിലില്ല. കൊവിഡ് ആശുപത്രിയായതിനാല്‍ മാത്രം മറ്റ് ചികില്‍സകള്‍ കിട്ടാതെ ഇനിയൊരു മരണം നമ്മുടെ ജില്ലയില്‍ ഉണ്ടാവാന്‍ പാടില്ല. ആയതിനാല്‍, ജില്ലാ ഭരണാധികാരി എന്ന നിലയില്‍ കുറ്റക്കാരായ മെഡിക്കല്‍ കോളേജിലെയും സ്വകാര്യ ആശുപത്രിയിലെയും ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികില്‍സയ്‌ക്കൊപ്പം തന്നെ മറ്റ് ചികിത്സക്കുമുള്ള സൗകര്യം ഉടനടി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം എസ് ഡിപിഐ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ് എന്ന് മുന്നറിയിപ്പും നല്‍കി.

Tags: