അസമിലെ കസ്റ്റഡി മരണം: പോലിസ് സ്‌റ്റേഷന്‍ കത്തിച്ചവരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു

Update: 2022-05-22 14:08 GMT

ഗുവാഹത്തി: അസമിലെ നാഗോണില്‍ പോലിസ് കസ്റ്റഡിയില്‍ മീന്‍കച്ചവടക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് പോലിസ് സ്‌റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ വീടുകള്‍ സുരക്ഷാസേന തകര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് പോലിസുകാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ത്തതെന്ന് സല്‍നാബാരി പ്രദേശവാസികള്‍ ആരോപിച്ചു. ഏഴ് വീടുകളാണ് തകര്‍ത്തത്.

നാഗോണ്‍ ജില്ലയിലെ ബതദ്രവ പോലിസ് സ്‌റ്റേഷനു നേരെയാണ് പ്രദേശവാസികള്‍ ആക്രമണം നടത്തിയത്. ജനക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ അക്രമിക്കുന്നതിന്റെയും പോലിസുകാരെ മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പോലിസ് സ്‌റ്റേഷനിലേക്ക് കല്ലേറ് നടത്തുകയും ശേഷം, പോലിസുകാരൈ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ സ്‌റ്റേഷന്‍ കത്തിക്കുകയും ചെയ്തു.

സഫിഖുള്‍ ഇസ്‌ലാം എന്ന യുവാവാണ് പോലിസ് കസ്റ്റഡിയില്‍ മരിച്ചത്. പോലിസ് ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

രണ്ടായിരത്തോളം പേര്‍ പോലിസ് സ്‌റ്റേഷനിലേക്ക് ഇരച്ചെത്തുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കൂടുതല്‍ സേനയെ രംഗത്തിറക്കി. സംഭവത്തില്‍ രണ്ട് പോലിസുകാര്‍ക്കാണ് കാര്യമായ പരിക്കുള്ളത്.

വീടുകള്‍ പൊളിക്കുംമുമ്പ് ഭരണകൂടം ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതികളുടെ വീടുകള്‍ നശിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്യാന്‍ ഇന്ത്യയില്‍ നിയമപരമായി അനുമതിയില്ല. പക്ഷേ, ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഈ രീതി വ്യാപകമാണ്. കൊല്ലപ്പെട്ട ഇസ്ലാമിന്റെ വീടും ജില്ലാ ഭരണകൂടം തകര്‍ത്തിട്ടുണ്ട്.

പോലിസ് സ്‌റ്റേഷന്‍ കത്തിച്ച കേസില്‍ പ്രതികളായവരുടെ വീടുകള്‍ കയ്യേറ്റഭൂമിയിലാണെന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടം അവ തകര്‍ത്തത്. രേഖകളുള്ളവരുടെ വീടുകളും തകര്‍ത്തിട്ടുണ്ട്.

ബര്‍പേട്ട എംപി അബ്ദുള്‍ ഖലീഖ് വീടുകള്‍ തകര്‍ത്തതിനെതിരേ രംഗത്തുവന്നു.

'പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തെ അംഗീകരിക്കുന്നില്ല. പക്ഷേ, ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പ്രതികളുടെ വീടുകള്‍ തകര്‍ക്കുന്നത് മനുഷ്യാവകാശലംഘനമാണ്'- അദ്ദേഹംപറഞ്ഞു.

Tags:    

Similar News