മധ്യപ്രദേശില്‍ ദലിത് കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ക്കയറി സവര്‍ണര്‍ വെടിവച്ച് കൊന്നു

Update: 2022-10-26 05:52 GMT

ഭോപാല്‍: വീട്ടില്‍ അതിക്രമിച്ച് കയറി ദലിത് കുടുംബത്തിലെ മൂന്ന് പേരെ സവര്‍ണജാതിക്കാര്‍ വെടിവച്ച് കൊന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ദേഹത് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ദിയോറന്‍ ഗ്രാമത്തിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെ ദലിത് കുടുംബത്തിലെ മൂന്നുപേരെ വെടിവച്ച് കൊന്നത്. ഖമണ്ഡി അഹിര്‍വാര്‍ (60), ഭാര്യ രാജ്പ്യാരി (58), മകന്‍ മനക് അഹിര്‍വാര്‍ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇളയ മകന്‍ മഹേഷ് അഹിര്‍വാറിനെ ദാമോ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.

അയല്‍വാസികളായ പട്ടേല്‍, അഹിര്‍വാര്‍ കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയെ മനക് അഹിര്‍വാള്‍ തുറിച്ചുനോക്കിയെന്നാരോപിച്ചാണ് അയല്‍വാസിയായ ജഗദീഷ് പട്ടേല്‍ ഇവര്‍ക്കുനേരേ വെടിയുതിര്‍ത്തത്. ജഗദീഷ് പട്ടേലിനെയും മൂന്ന് കുടുംബാംഗങ്ങളെയും മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള അഞ്ച് കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പട്ടേല്‍ സമുദായത്തില്‍പ്പെട്ട 25ഓളം പേരാണ് ആക്രമണം നടത്തിയതെന്ന് ചികില്‍സയില്‍ കഴിയുന്ന മഹേഷ് അഹിവാര്‍ പറഞ്ഞു.

വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവരുടെ കൈയില്‍ തോക്കുകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ തന്റെ മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തുകയായിരുന്നെന്നും മഹേഷ് പോലിസിനോട് പറഞ്ഞു. ആക്രമണത്തില്‍ 28കാരനായ മഹേഷിനും 30കാരനായ മറ്റൊരു സഹോദരനും പരിക്കേറ്റതായും ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും പോലിസ് സൂപ്രണ്ട് ഡി ആര്‍ തെനിവാര്‍ അറിയിച്ചു. മനക്കിന്റെ ഭാര്യ സീതാ അഹിര്‍വാറിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ ആറ് പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ഐപിസിയിലെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകളും പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്പി പറഞ്ഞു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കമാണ് കൂട്ടക്കൊലയില്‍ കലാശിച്ചതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Tags:    

Similar News