പ്രതിസന്ധി രൂക്ഷമാകുന്നു; ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി

Update: 2022-04-04 01:32 GMT

കൊളംബോ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവച്ചു. ഞായറാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തിനുശേഷം 26 മന്ത്രിമാരാണ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും.

മഹിന്ദ രാജപക്‌സെ രാജിവച്ചെന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മന്ത്രിമാരുടെ കൂട്ടരാജി വാര്‍ത്ത പുറത്തെത്തിയത്. രാജിവച്ചവരില്‍ പ്രധാനമന്ത്രിയുടെ മകന്‍ നമല്‍ രാജപക്‌സെയും ഉള്‍പ്പെടുന്നു.

ജനങ്ങള്‍ക്കും സര്‍ക്കാരിനും സ്ഥിരത കാത്തുസൂക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രാജിവച്ചതെന്ന് അദ്ദേഹം രാജിസമര്‍പ്പിച്ചശേഷം ട്വീറ്റ് ചെയ്തു.

സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഞായറാഴ്ച രാവിലെ പെരഡെനിയ സര്‍വകലാശാലയ്ക്ക് പുറത്ത് വാരാന്ത്യ കര്‍ഫ്യൂ ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ നൂറ് കണക്കിനു പേര്‍ അണിചേര്‍ന്നു.

പ്രതിഷേധം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സാമൂഹികമാധ്യമങ്ങളിലേക്കുള്ള പ്രവേശനം ബ്ലോക്ക് ചെയ്തിരുന്നു. പക്ഷേ, നമള്‍ രാജപക്‌സെയുടെ ഇടപെടലിനുശേഷം നിരോധനം പിന്‍വലിച്ചു.

Tags:    

Similar News