സിപിഎം കണ്ണൂരില്‍ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് സതീശന്‍ പാച്ചേനി
ജില്ലയുടെ പല ഭാഗത്തും ഇന്നലെ കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്. കോളയാട് കോണ്‍ഗ്രസ് ഓഫിസ് തീവെച്ചു നശിപ്പിച്ചു. പിണറായി പാനുണ്ടയില്‍ കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള സാംസ്‌ക്കാരിക കേന്ദ്രം തകര്‍ത്തു. പാനുണ്ട കോഴൂരിലെ മഹാത്മാ സാംസ്‌ക്കാരിക കേന്ദ്രവും തകര്‍ത്തതായി പാച്ചേനി ആരോപിച്ചു
കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിട്ടും അക്രമ സ്വഭാവം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകുന്നില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ജില്ലയുടെ പല ഭാഗത്തും ഇന്നലെ കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്.
കോളയാട് കോണ്‍ഗ്രസ് ഓഫിസ് തീവെച്ചു നശിപ്പിച്ചു. പിണറായി പാനുണ്ടയില്‍ കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള സാംസ്‌ക്കാരിക കേന്ദ്രം തകര്‍ത്തു. പാനുണ്ട കോഴൂരിലെ മഹാത്മാ സാംസ്‌ക്കാരിക കേന്ദ്രമാണ് അടിച്ചു തകര്‍ത്തത്. ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും മുഴുവനായി തകര്‍ത്തിരിക്കുകയാണ്.
ചെറുവാഞ്ചേരിയില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ നടന്ന കല്ലേറിലും അക്രമത്തിലും പരിക്കേറ്റ കണ്ണവം സ്വദേശികളായ ലിജിനാ നിവാസ് ലിജോ (13). വിഷ്ണു നിവാസ് ജിഷ്ണു, (21) വി ബാബു (40) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മൊകേരിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച കൊന്നോളി പ്രേമനെ അക്രമിച്ചു പരിക്കേല്‍പിച്ചു. ഇദ്ദേഹവും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് ഉള്ളത്. പാത്തിപ്പാലത്ത് യുഡിഎഫ് പ്രവര്‍ത്തകന്‍ മജീദിന്റെ വീടിന് നേരെ അക്രമം നടത്തി. പൂക്കോം കാവിന്റെ പരിസരം യുഡിഎഫ് ജാഥയെ അക്രമിച്ചു.
മുഴപ്പാലയില്‍ യുഡി.എഫ് പ്രകടനത്തിന് നേരെ അക്രമം നടത്തി. സായന്ത്, മുഹമ്മദ് ഹനീഫ്, മൃദുല്‍ എന്നിവരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഴപ്പിലങ്ങാട് മമ്മാക്കുന്നില്‍ യുഡിഎഫ് പ്രകടത്തെ അക്രമിച്ചു.അക്രമത്തില്‍ പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തളിപ്പറമ്പ പൂമംഗലത്ത് ആഹ്ലാദ പ്രകടനം നടത്തി തിരിച്ച് പോവുകയായിരുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് സി കുമാരന്‍, പി പി ബിജു, എന്‍ വിനോദ് എന്നിവരെ മാരകായുധങ്ങളുമായി പൂമംഗലം സ്‌കൂളിന് സമീപത്ത് വച്ച് സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിപിഎം ക്രിമിനല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരേ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിക്ഷേധിക്കണമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പാച്ചേനി സന്ദര്‍ശിച്ചു.