ഛത്തീസ്ഗഢിലെ മാവോയിസ്റ്റുവേട്ടയെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ
മാവോയിസ്റ്റുകള്‍ ചര്‍ച്ചകള്‍ക്കായി നിരന്തരം നടത്തുന്ന അഭ്യര്‍ഥനകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ്
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ മാവോയിസ്റ്റുവേട്ടയെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ. കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന്, ചര്‍ച്ചയ്ക്ക് തയാറാവുന്നതിന് പകരം മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുകയാണെന്നും പത്രകുറിപ്പില്‍ പറയുന്നു
പത്രകുറിപ്പിന്റെ പൂര്‍ണ്ണരൂപം..
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ ജനറല്‍ സെക്രട്ടറി നമ്പാല കേശവറാവു ഉള്‍പ്പെടെ 27 പേരെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ ശക്തമായി അപലപിക്കുന്നു. മാവോയിസ്റ്റുകള്‍ ചര്‍ച്ചകള്‍ക്കായി നിരന്തരം നടത്തുന്ന അഭ്യര്‍ഥനകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരും ചര്‍ച്ചയിലൂടെ ഒരു പരിഹാരം തേടേണ്ടതില്ലെന്ന് തീരുമാനിച്ചു. ചര്‍ച്ചയ്ക്ക് തയാറാവുന്നതിന് പകരം മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുക എന്ന മനുഷ്യത്വരഹിതമായ നയമാണ് അവര്‍ പിന്തുടരുന്നത്.
ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും പ്രസ്താവനയിറക്കിയിരുന്നു. മനുഷ്യജീവനെടുക്കുന്നത് ആഘോഷിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഇവരുടെ നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ നീക്കം ജനാധിപത്യ വിരുദ്ധവുമാണ്. ചര്‍ച്ച നടത്താനുള്ള മാവോയിസ്റ്റുകളുടെ അഭ്യര്‍ഥന പരിഗണിക്കണമെന്ന് നിരവധി രാഷ്ട്രീയ പാര്‍ടികളും ജനങ്ങളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും അവര്‍ക്കെതിരായ എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തിവയ്ച്ച് ചര്‍ച്ചകള്‍ക്കുള്ള അവരുടെ അഭ്യര്‍ഥന ഉടന്‍ അംഗീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
സിപിഐ എം പോളിറ്റ് ബ്യുറോ.
