തോറ്റതിനു പിന്നാലെ സിപിഎം സ്ഥാനാര്‍ഥി ബിജെപിയുടെ വിജയാഘോഷത്തിന് പോയി

മണ്ണാര്‍ക്കാട് നഗരസഭയില്‍ നിന്ന് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു അഞ്ജു സന്ദീപ് മല്‍സരിച്ചത്

Update: 2025-12-14 10:53 GMT

മണ്ണാര്‍ക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേരെ പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു അഞ്ജു സന്ദീപ് മല്‍സരിച്ചത്. 30 വാര്‍ഡുകളുള്ള നഗരസഭയില്‍ എട്ടിടങ്ങളിലാണ് സിപിഎം സ്വന്തം ചിഹ്നത്തില്‍ മല്‍സരിച്ചത്. അതില്‍ പെട്ടതായിരുന്നു അഞ്ജു മല്‍സരിച്ച വാര്‍ഡായ നമ്പിയംപടി. ഇവിടെ യുഡിഎഫിന്റെ ഷീജ രമേശാണ് വിജയിച്ചത്.

കാരാകുറുശ്ശി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഹ്ലാദ റാലിയിലാണ് അഞ്ജു സന്ദീപ് പങ്കെടുത്തത്. റാലിയില്‍ പങ്കെടുത്ത അഞ്ജു ചുവടുവയ്ക്കുന്നതിന്റെ വിഡിയോയും പുറത്തു വന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയായ സ്‌നേഹ തന്റെ അടുത്ത സുഹൃത്തായതിനാലാണ് വിജയാഘോഷത്തില്‍ പങ്കെടുത്തതെന്നാണ് അഞ്ജുവിന്റെ വിശദീകരണം. താന്‍ ഇപ്പോഴും സിപിഎമ്മാണെന്നും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അഞ്ജു പറയുന്നു.

മണ്ണാര്‍ക്കാട് നഗരസഭയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും മേധാവിത്വം ഉയര്‍ത്തി നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍, വിമത നീക്കങ്ങള്‍ക്കിടയിലും മുന്നേറ്റം നടത്തി സിപിഎം കരുത്തു കാട്ടി. ജനകീയ മതേതര മുന്നണിയുടെ ലേബലില്‍ രംഗത്തിറങ്ങിയ സിപിഎം വിമതര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. 30 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നണി 17 സീറ്റിലാണ് വിജയിച്ചത്. സിപിഎം 12 സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ 29 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 15 സീറ്റും സിപിഎം 11 സീറ്റും ബിജെപി മൂന്നു സീറ്റുമാണ് നേടിയത്. യുഡിഎഫില്‍ ലീഗിന് 11ഉം കോണ്‍ഗ്രസ് മൂന്നും യുഡിഎഫ് സ്വതന്ത്ര ഒന്നും നേടി. ഇത്തവണ നഗരസഭയില്‍ ഒരു സീറ്റ് കൂടിയപ്പോള്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും ഓരോ സീറ്റുകള്‍ അധികം നേടി. ബിജെപിക്ക് രണ്ടു സീറ്റ് നഷ്ടപ്പെട്ടു.

Tags: