ബാബരി മസ്ജിദ് വിധി ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് വരുത്താന്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന് സിപിഐ(എംഎല്‍) ന്യൂഡെമോക്രസി

ജനങ്ങള്‍ വിധിയെ വ്യാപകമായി സ്വാഗതം ചെയ്‌തെന്നും അവര്‍ സന്തുഷ്ടരാണെന്നും വരുത്തുകയാണ് പോലിസിന്റെ ലക്ഷ്യം. ഇത്തരം ജനാധിപത്യ വിരുദ്ധനടപടികളില്‍ നിന്ന് പോലിസ് വിട്ടുനില്‍ക്കണമെന്നും അഷിഷ് മിത്തല്‍ ആവശ്യപ്പെട്ടു.

Update: 2019-11-12 12:42 GMT

ലക്‌നൗ: ബാബരി മസ്ജിദ് കേസില്‍ സുപ്രിം കോടതി വിധി ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് വരുത്താന്‍ യുപി പോലിസ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന് സിപിഐ(എംഎല്‍) ന്യൂഡെമോക്രസി. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി യുപിയില്‍ നാലായിരത്തോളം പേര്‍ അറസ്റ്റിലായെന്നും വിയോജിപ്പുകള്‍ ജനാധിപത്യപരമായി പ്രകടിപ്പിക്കാനുള്ള അവകാശം പോലിസ് ഇല്ലാതാക്കുകയാണെന്നും സിപിഐ(എംഎല്‍) ന്യൂഡെമോക്രസി യുപി സംസ്ഥാന സെക്രട്ടറി ഡോ. അഷിഷ് മിത്തല്‍ ആരോപിച്ചു.

വിധിയോടുള്ള ന്യൂഡെമോക്രസിയുടെ നിലപാട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഷംഷാദ് ഹുസൈനെതിരേ കിരത്പൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ഐടി ആക്റ്റിന്റെ ഐപിസി സെക്ഷന്‍ 66 പ്രകാരമാണ് കേസ്. ഷംഷാദിന്റെ വീട്ടിലെത്തിയ പോലിസ് കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും കുടുംബത്തില്‍ പെട്ട മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായും ആരോപണമുണ്ട്. ഷംഷാദിനെ ഹാജരാക്കണമെന്നാണ് പോലിസിന്റെ ആവശ്യം. താന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണ് സാമൂഹികമാധ്യമത്തില്‍ പോസ്‌ററ് ചെയ്തതെന്നും ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ക്ക് കേസുമായി ഒരു ബന്ധമില്ലെന്നും ഷംഷാദ് പോലിസിനെ അറിയിച്ചു. അറസ്റ്റിലായവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയിട്ടില്ലെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രതിഷേധ പ്രസ്താവനയില്‍ ആരോപിച്ചു.

'പ്രസ്താവനയില്‍ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന യാതൊരു പരാമര്‍ശവുമില്ല. കോടതി വിധിയോടുള്ള ജനാധിപത്യപരമായ വിമര്‍ശനം മാത്രമാണുള്ളത്. വിധി വന്നശേഷം യുപിയില്‍ നാലായിരത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. നിയന്ത്രണങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും പോലിസ് നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുകയാണ്. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ നിരവധി പേര്‍ ബിജ്‌നോര്‍ പോലിസ് മേധാവിയുടെ ഉത്തരവനുസരിച്ച് അറസ്റ്റിലായിട്ടുണ്ട്. നിരവധി പേര്‍ക്കെതിരേ അറസ്റ്റ് ഭീഷണിയും മുഴക്കിയിട്ടുണ്ട്. ജനങ്ങള്‍ വിധിയെ വ്യാപകമായി സ്വാഗതം ചെയ്‌തെന്നും അവര്‍ സന്തുഷ്ടരാണെന്നും വരുത്തുകയാണ് പോലിസിന്റെ ലക്ഷ്യം. ഇത്തരം ജനാധിപത്യ വിരുദ്ധനടപടികളില്‍ നിന്ന് പോലിസ് വിട്ടുനില്‍ക്കണമെന്നും അഷിഷ് മിത്തല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  

Tags:    

Similar News