സുപ്രിം കോടതി മേല്‍നോട്ടത്തില്‍ സംഘര്‍ഷങ്ങളില്‍ ഡല്‍ഹി പോലിസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം

ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ കൈകാര്യം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ ശൈലിയില്‍ പാര്‍ട്ടി അതൃപ്തി പ്രകടിപ്പിച്ചു.

Update: 2020-02-28 13:45 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടന്ന അക്രമങ്ങളില്‍ സുപ്രിം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ അന്വേഷമോ നടത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. അക്രമങ്ങളില്‍ ഡല്‍ഹി പോലിസിന്റെ പങ്ക് സംശയാസ്പദമായ സാഹചര്യത്തിലാണ് പാര്‍ട്ടി ഇത്തരമൊരു അന്വേഷണം ആവശ്യപ്പെടുന്നത്.

ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ കൈകാര്യം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ ശൈലിയില്‍ പാര്‍ട്ടി അതൃപ്തി പ്രകടിപ്പിച്ചു.

ആഭ്യന്തര മന്ത്രാലയം പുതുതായി രൂപീകരിച്ച രണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഓഫിസര്‍മാരുടെ കാര്യത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇരുവരും ശാഹീന്‍ബാഗ്, ജെഎന്‍യു, ജാമിഅ തുടങ്ങിയവിടങ്ങളില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. മാത്രമല്ല, അതില്‍ ഒരാള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

അക്രമ സംഭവങ്ങളില്‍ ഡല്‍ഹി പോലിസിന്റെ പങ്ക് അതീവ സംശയാസ്പദമാണെന്നും കുറ്റവാളികളെ വെള്ളപൂശുന്നതിനുളള ശ്രമങ്ങളാണ് നടത്തുന്നതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പരാമര്‍ശങ്ങള്‍ അതീവ ഗുരതരമാണ്. സംഭവിച്ചത് സംഭവിച്ചുവെന്ന ഒഴുക്കന്‍ മറുപടിയാണ് ദോവല്‍ അക്രമങ്ങള്‍ക്കിരയായവരോട് പറഞ്ഞതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. ഇതേ സമീപനം ഡല്‍ഹി ഹൈക്കോടതിയിലെ സംഭവവികാസങ്ങളില്‍ ദൃശ്യമാണെന്നും പ്രസ്താവന പറയുന്നു. 

Tags:    

Similar News