ഉറവിടമറിയാതെ രണ്ട് പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു; തിരുവനന്തപുരം നഗരസഭ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

Update: 2020-07-02 15:45 GMT

തിരുവനന്തപുരം: ഉറവിടമറിയാതെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൊവിഡ് ബാധിച്ച അസം സ്വദേശി ജോലി ചെയ്തിരുന്ന പാളയം സാഫല്യം കോപ്ലക്‌സ് ഒരാഴ്ച്ചത്തേക്ക് അടച്ചിടാന്‍ മേയര്‍ കെ ശ്രീകുമാര്‍ ഉത്തരവിട്ടു.

മുന്‍കരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്‌സിന് സമീപത്തുള്ള പാളയം മാര്‍ക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താല്‍ക്കാലികമായി അവസാനിപ്പിക്കും. പ്രധാന ഗേറ്റില്‍ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. പാളയം മാര്‍ക്കറ്റിന് മുന്‍പിലുള്ള തെരുവോര കച്ചവടങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.

ആള്‍ക്കൂട്ടം കുറക്കുന്നതിനായി ചാല, പാളയം മാര്‍ക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാത്രമായി നഗരസഭ ഏര്‍പ്പടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നഗരത്തിലെ തിരക്കുള്ള മുഴുവന്‍ സൂപ്പര്‍ മര്‍ക്കറ്റുകളിലേക്കും മറ്റ് മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആള്‍ക്കൂട്ടമുണ്ടാകുന്ന ബസ് സ്‌റ്റോപ്പുകള്‍, ഓഫിസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തും. ഇതിനായി പൊലീസിന്റെ സഹായവും പ്രയോജനപ്പെടുത്തും.

കേസുകള്‍ റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തും.

ബുധനാഴ്ച്ച പൂന്തുറയിലുള്ള മത്സ്യ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബീമാപള്ളി ഹോസ്പിറ്റല്‍ ക്വാറന്റെയിന്‍ സെന്ററാക്കി മാറ്റിയിട്ടുണ്ട്. തീരദേശ മേഖല കേന്ദ്രീകരിച്ച് അടിയന്തരമായി അഞ്ച് പുതിയ ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റെയിന്‍ സെന്ററുകള്‍ കൂടി ആരംഭിക്കും. നഗരത്തിലെ സാഹചര്യം കണക്കിലെടുത്ത് നഗരത്തില്‍ നടത്തുന്ന സമരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം നിയന്ത്രണത്തിന് തയ്യാറാവണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.  

Tags: