കൊവിഡ്: സര്‍ക്കാര്‍ അനാസ്ഥമൂലം 40 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് രാഹുല്‍ഗാന്ധി

Update: 2022-04-17 09:56 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചശേഷം രാജ്യത്ത് സര്‍ക്കാര്‍ അനാസ്ഥമൂലം 40 ലക്ഷം പേര്‍ മരിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആഗോള കൊവിഡ് മരണങ്ങളുടെ എണ്ണം പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടയുകയാണെന്ന് അവകാശപ്പെടുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചു.

'മോദി ജി സത്യം പറയുന്നില്ല, മറ്റുള്ളവരെ പറയാനും അനുവദിക്കുന്നില്ല, ഓക്‌സിജന്‍ ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു!'- രാഹുല്‍ കുറ്റപ്പെടുത്തി.

' കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ അനാസ്ഥ മൂലം മരിച്ചത് അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാരാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു - രാഹുല്‍ മറ്റൊരു ട്വീറ്റില്‍ എഴുതി.

രാജ്യത്തെ കൊവിഡ് 19 മരണനിരക്ക് കണക്കാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ രീതിയെ ഇന്ത്യ ശനിയാഴ്ച ചോദ്യം ചെയ്തു, ഭൂമിശാസ്ത്രപരമായ വലുപ്പവും ജനസംഖ്യയുമുള്ള ഇത്രയും വലിയ രാജ്യത്തിന്റെ മരണ കണക്കുകള്‍ കണക്കാക്കാന്‍ അത്തരം ഗണിതശാസ്ത്ര മോഡലിംഗ് പ്രായോഗികമല്ലെന്നായിരുന്നു വാദം.

Tags:    

Similar News