കൊവിഡ്: ആവശ്യമായ തയ്യാറെടുപ്പില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂലിന്റെ കത്ത്

Update: 2021-04-29 11:47 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വേണ്ടവിധം വോട്ടെണ്ണുന്നതിനുളള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. വോട്ടെണ്ണലിലും സുരക്ഷാജോലികള്‍ക്കും നിയോഗിക്കുന്നവരുടെ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്താനുളള സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കമ്മീഷനയച്ച കത്തില്‍ ആരോപിച്ചു. ഏപ്രില്‍ 28ാം തിയ്യതിയാണ് കത്തയച്ചിരിക്കുന്നത്.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും മറ്റ് പാര്‍ട്ടി ഏജന്റുമാര്‍ക്കും കമ്മീഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും വോട്ടെണ്ണല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് സുരക്ഷാ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ ഇതുവരെ ഒരുക്കിയിട്ടില്ലെന്ന് കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് 23,000 മുതല്‍ 24,000 വരെ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിപ്പിക്കുന്നത്. വിവിധി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായാണ് ഇവരുടെ ജോലി നിശ്ചയിച്ചിരിക്കുന്നത്. ഇവര്‍ക്ക് പരിശോധനയ്ക്കുവേണ്ട ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. ഈ രീതി തുടരുകയാണെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന് അത് ഭീഷണിയായിരിക്കുമെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ തവണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാനുണ്ട്. അത് എണ്ണുന്നതിന് കൂടുതല്‍ സയമവും വേണ്ടിവരും. ഇതും രോഗവ്യാപനസാധ്യത വര്‍ധിപ്പിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ 29ാം തിയ്യതി എട്ടാംഘട്ട തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മെയ് 2ന് വോട്ടെണ്ണും.

Tags:    

Similar News