കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; മംഗളൂരു ക്വാറന്റയ്ന്‍ കേന്ദ്രത്തില്‍ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു

കര്‍ണാടക നിലപാട് കടുപ്പിച്ചതോടെ തലപ്പാടി അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതല്‍ കേരളം സൗകര്യമൊരുക്കും

Update: 2021-08-03 01:43 GMT

മംഗളൂരു: കേരളത്തില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിന്‍ മാര്‍ഗം മംഗളൂരുവിലെത്തിയവരെ ക്വാറന്റയ്ന്‍ കേന്ദ്രത്തില്‍ നിന്നും വിട്ടയച്ചു. ട്രെയിന്‍ മാര്‍ഗം മംഗളൂരുവിലെത്തിയ വിദ്യാര്‍ഥിനികളടക്കമുള്ള അറുപതോളം മലയാളികളെയാണ് പോകാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചിരുനന്ത്. ഇതില്‍ സ്ത്രീകളെ രാത്രി പത്ത് മണിയോടെയും പുരുഷന്മാരെ പുലര്‍ച്ചെയോടെയുമാണ് വിട്ടയച്ചത്.

കേരളത്തില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിന്‍ മാര്‍ഗം മംഗളൂരുവിലെത്തിയ വിദ്യാര്‍ഥിനികളടക്കമുള്ള അറുപതോളം മലയാളികള്‍ മംഗളൂരു സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതോടെയാണ് തടഞ്ഞുവെക്കപ്പെട്ടത്. ഇവരുടെ സ്രവമെടുത്തശേഷം പരിശോധനാഫലം വരുന്നതുവരെ ടൗണ്‍ ഹാളില്‍ തുടരാനാണ് മംഗളൂരു പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. പ്രതിഷേധമുയര്‍ന്നതോടെ സ്ത്രീകളെയും പത്ത് മണിയോടെയും പുരുഷന്മാരെയും പന്ത്രണ്ടു മണിയോടെയും പോകാന്‍ അനുവദിച്ചു.

രണ്ട് ദിവസം മുമ്പാണ് കര്‍ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയത്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് കാണിക്കേണ്ടത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവര്‍ക്കും നിബന്ധന ബാധകമാക്കിയിട്ടുണ്ട്.

കര്‍ണാടക നിലപാട് കടുപ്പിച്ചതോടെ തലപ്പാടി അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതല്‍ കേരളം സൗകര്യമൊരുക്കും. സ്‌പൈസ് ഹെല്‍ത്തുമായി ചേര്‍ന്ന് ആര്‍ടിപിസിആര്‍ മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റാകും ഏര്‍പ്പെടുത്തുക.

Tags:    

Similar News