കോവിഡ് നഷ്ടഭാരം യാത്രക്കാരില്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉയര്‍ന്ന യൂസര്‍ ഫീ

Update: 2026-02-16 05:27 GMT

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ നിന്ന് ഉയര്‍ന്ന യൂസര്‍ ഡെവലപ്‌മെന്റ് ഫീ (യൂസര്‍ ഫീ) ഈടാക്കുന്നതിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നടപടികള്‍ കാരണമാണ്. കോവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ നിലച്ചതിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് ഈ അധികഭാരം യാത്രക്കാരില്‍ ചുമത്തുന്നത്. കോവിഡ് നഷ്ടം നികത്തുന്നതിനായി വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്ത അദാനിയില്‍ നിന്ന് 2024ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി 902 കോടി രൂപ അധികമായി ഈടാക്കിയിരുന്നു. ഈ തുക യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ആയി പിരിച്ചെടുക്കാന്‍ അദാനിക്ക് അനുമതി നല്‍കിയതോടെയാണ് നിരക്കുകള്‍ വര്‍ധിച്ചത്. ഇതോടെ കോവിഡ് കാലത്തെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും പരോക്ഷമായി യാത്രക്കാരുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുകയാണ്.

ഈ വര്‍ഷം ജനുവരിയില്‍ മാത്രം 4,50,090 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി സഞ്ചരിച്ചത്. പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ഏകദേശം 15,000 ആണ്. കഴിഞ്ഞ വര്‍ഷം യൂസര്‍ ഫീ ഇനത്തില്‍ അദാനിക്ക് ലഭിച്ചത് 383.26 കോടി രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ഉയര്‍ന്ന യൂസര്‍ ഫീകളില്‍ ഒന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലേതെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ നിരക്കുകള്‍ പ്രകാരം, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ 1,540 രൂപയും ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും അധിക ഫീ നല്‍കണം. എത്തിച്ചേരുന്ന വിദേശ യാത്രക്കാര്‍ക്ക് 660 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്ക് 330 രൂപയും ഈടാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് കൈമാറിയിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

Tags: