ഐസൊലേഷനില്‍ പോകേണ്ടിയിരുന്നയാള്‍ കറങ്ങിനടക്കുന്നുവെന്ന് പരാതി

Update: 2020-03-21 12:25 GMT

മാള: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പട്ടാമ്പിക്കാരന്‍ വലിയപറമ്പിലെ ലോഡ്ജില്‍ രഹസ്യമായി താമസിച്ചിരുന്നതായി പരാതി. ഇക്കഴിഞ്ഞ 18ാം തിയ്യതി ബുധനാഴ്ച മുതലാണ് ചേലക്കര സ്വദേശി ഈ ലോഡ്ജില്‍ താമസമാരംഭിച്ചത്.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് ഇദ്ദേഹം നേരെ ഇവിടെയെത്തി ക്വാറന്റൈനിലാകുകയായിരുന്നു. ഇവിടെ താമസിക്കുന്നതിനിടയില്‍ എടിഎം കൗണ്ടറിലും ഹോട്ടലിലും പലവട്ടം പോയിരുന്നു.

പരാതി കിട്ടിയതിനെ തുടര്‍ന്ന് ബിജു ഉറുമീസിനെ കൂടാതെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എന്‍ വേണു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി എം സന്തോഷ്, ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ പ്രേംലാല്‍, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി. വിവരം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ, ജില്ലാ കളക്ടര്‍, ഡി എം ഒ എന്നിവരെ അറിയിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടും ഇയാള്‍ക്കെതിരേ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇങ്ങിനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലിസിന്റെ നിലപാട്.

അരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ഇയാളെ പട്ടാമ്പിയിലേക്ക് അയക്കുന്നതിന് നടപടി സ്വീകരിച്ചതായി മാള ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ് അറിയിച്ചു.

ഇയാള്‍ കൊറോണ രോഗമുള്ള ആളാണെങ്കില്‍ ഇയാളിലൂടെ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. 

Tags:    

Similar News