പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സൗജന്യ കൊവിഡ് പരിശോധന

Update: 2020-09-02 04:53 GMT

പെരിന്തല്‍മണ്ണ: കൊവിഡ് പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ട്രൂനാറ്റ് യന്ത്രം എത്തിച്ചു. നേരത്തേ, പെരിന്തല്‍മണ്ണയില്‍ എത്തിച്ച യന്ത്രം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് വിവാദമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ച യന്ത്രം ഉടന്‍ പ്രവര്‍ത്തനസജ്ജമാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ് ശ്രീവിഷ്ണു പറഞ്ഞു. ഇതോടെ ആളുകള്‍ക്ക് സൗജന്യമായി കൊവിഡ് പരിശോധന നടത്താനാവും.

    പെരിന്തല്‍മണ്ണ നഗരസഭ, മേലാറ്റൂര്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലുള്ളവര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കുന്ന പട്ടിക പ്രകാരം പരിശോധന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. കൊവിഡ് വ്യാപനം കൂടുകയും പരിശോധനാ ഫലം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ യന്ത്രം അനുവദിച്ചത്. കഴിഞ്ഞ മാസം 13ന് ആശുപത്രിയില്‍ എത്തിച്ച യന്ത്രം പെരിന്തല്‍മണ്ണയിലേക്ക് ഉള്ളതാണെന്നാണ് പെട്ടിയിന്മേല്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ യന്ത്രവുമായി ബന്ധപ്പെട്ട രേഖകള്‍ നിലമ്പൂരിലേതാണെന്നും ഇവിടെ മാറി എത്തിച്ചതാണെന്നും പറഞ്ഞ് നിലമ്പൂരിലേക്കു കൊണ്ടുപോവുകയായിരുന്നു. മഞ്ഞളാംകുഴി അലി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ യന്ത്രം പെരിന്തല്‍മണ്ണയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമാക്കി മാറ്റിയ മഞ്ചേരി മെഡിക്കല്‍ കോളജില്‍ തിരക്കേറുന്ന പശ്ചാത്തലത്തില്‍ രണ്ടാമത് കേന്ദ്രമായി പെരിന്തല്‍മണ്ണയെ നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രണ്ടു മണിക്കൂറിനകം ഫലമറിയാവുന്ന തരത്തിലുള്ള ട്രൂനാറ്റ് യന്ത്രം പ്രവര്‍ത്തനം തുടങ്ങുന്നത് ഏറെപ്പേര്‍ക്ക് പ്രയോജനകരമാവും. കൊവിഡ് പരിശോധനയ്ക്കു പുറമേ എച്ച്‌ഐവി, ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, എച്ച് വണ്‍-എന്‍ വണ്‍, മലേറിയ, ടിബി, റബീസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും നടത്താനാവും.

Covid: Free test at Perinthalmanna District Hospital




Tags:    

Similar News