ഡല്‍ഹിയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊറോണ; ലോക്ക്ഡൗണ്‍ മെയ് പകുതി വരെയെങ്കിലും നീട്ടണമെന്ന് സര്‍ക്കാര്‍

നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു.

Update: 2020-04-27 08:12 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്ത് ആദ്യമായിട്ടാണ് മാധ്യമപ്രവര്‍ത്തക്ക് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മെയ് പകുതിവരെയെങ്കിലും നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മെയ് 16 വരെ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 824 ആയി. 24 മണിക്കൂറിനിടെ 49 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 26,496 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നാലു ദിവസത്തിനിടെ 5,000 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. രോഗം ഭേദമായവര്‍ 5,804 പേരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ സ്ഥിതി ഗുരുതരമായി. 

Tags: