കൊവിഡ് വ്യാപനം രൂക്ഷം: യുപി സര്‍ക്കാരിനെതിരേ ഹൈക്കോടതിയും; വാരാന്ത്യ ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച വരെ നീട്ടി

Update: 2021-04-29 09:39 GMT

ലഖ്‌നോ: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ യുപി സര്‍ക്കാര്‍ വാരന്ത്യ ലോക്ക് ഡൗണ്‍ നീട്ടി. നേരത്തെ വെള്ളിയാഴ്ച വൈകീട്ട് തുടങ്ങി തിങ്കളാഴ്ച രാവിലെ അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും പുതിയ ഉത്തരവനുസരിച്ച് ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച രാവിലെ വരെ പ്രാബല്യത്തിലുണ്ടാവും.

അങ്ങാടികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാളുകള്‍, റസ്റ്ററന്റുകല്‍ എന്നിവ അടഞ്ഞുകിടക്കും.

എല്ലാവരോടും വീടിനകത്ത് കഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളെ മാത്രമേ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും തുറന്നുപ്രവര്‍്ത്തിക്കും. ആരാധനാലയങ്ങല്‍ക്കും ലോക്ക് ഡൗണ്‍ ബാധകമാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. സര്‍ക്കാരിന് കൊവിഡ് വ്യാപനത്തേക്കാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കൂടുതല്‍ ശ്രദ്ധയെന്നായിരുന്നു യുപി സര്‍ക്കാരിനെതിരേ അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.

കൊവിഡിനെതിരേ എന്തെങ്കിലും ചെയ്‌തെന്ന മട്ടില്‍ കടലാസില്‍ മാത്രമുള്ള ഉത്തരവുകള്‍ അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പുനല്‍കിയിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടക്കുന്ന സംസ്ഥാനമായി യുപി മാറിയിരിക്കുകയാണ്. ഓക്‌സിജന്‍ ലഭിക്കാത്തതുമൂലം നിരവധി പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പറയുന്നവരെ നിയമപരമായി നേരിടാനുള്ള യോഗി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാണ്.

Tags:    

Similar News