കൊവിഡ് മരണം: റിപോര്‍ട്ടിങിന് ഏകീകൃത മാതൃകയുമായി കേന്ദ്ര സര്‍ക്കാര്‍

Update: 2020-10-19 04:36 GMT

ന്യൂഡല്‍ഹി: വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും കേന്ദ്ര സര്‍ക്കാരിന് കൈമാറുന്ന കൊവിഡ് മരണങ്ങള്‍ ഏകീകൃത ഫോര്‍മാറ്റിലേക്ക് മാറ്റണമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. നിലവില്‍ വിവിധ സര്‍ക്കാരുകള്‍ കൈമാറുന്ന വിവരങ്ങള്‍ വ്യത്യസ്ത ഫോര്‍മാറ്റിലായതിനാല്‍ ശരിയായ വിശകലനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഒരേ ടെംപ്ലേറ്റിലേക്ക് മാറ്റി വിവരശേഖരണം കൃത്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കൊവിഡ് മരണം തീരുമാനിക്കുന്നതിനുള്ള ഏകീകൃത മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്.

റിപോര്‍ട്ടിങ്ങ് ഏകീകൃതമാക്കാന്‍ ഐസിഎംആര്‍ ഒരു ഫോര്‍മാറ്റ് തയ്യാറാക്കിയിട്ടുണ്ട്. അതിനനുസരിച്ച് ടൈംപ്ലേറ്റും രൂപപ്പെടുത്തി. ഇത് മരണം നടന്ന് 24 മണിക്കൂറിനുളളില്‍ പൂരിപ്പിക്കണം. അതുവഴി മരണവിവരവും കാരണവും വ്യക്തമായി തിരിച്ചറിയാനും വസ്തുനിഷ്ഠമായ വിശകലനം സാധ്യമാക്കാനും കഴിയും.

24 മണിക്കൂറിനുളളില്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മരണങ്ങള്‍ തരംതിരിക്കാന്‍ പല സംസ്ഥാനങ്ങളും ഡെത്ത് ഓഡിറ്റ് കമ്മറ്റികളെ നിയോഗിച്ചിരിക്കുകയാണ്. ഒരു മരണം കൊവിഡ് മൂലമാണോ എന്ന് തീരുമാനിക്കുന്നത് അവരാണ്. കേസ് ഷീറ്റ്, രോഗവിവരങ്ങളും സമ്മറിയും എന്നിവ കണക്കിലെടുത്താണ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി മരണങ്ങളെ തരംതിരിക്കുന്നത്.

പുതിയ ഗൈഡ്‌ലൈന്‍ അനുസരിച്ച് കൊവിഡ് രോഗികള്‍ ന്യുമോണിയ, ശ്വാസതടസ്സം, രക്തധമനികളിലെ രോഗം കട്ടപിടിക്കല്‍ എന്നിവ മൂര്‍ച്ഛിച്ച് മരിക്കുകിയാണെങ്കില്‍ അത് കൊവിഡ് മരണമായി കണക്കാക്കാം. എന്നാല്‍ ആസ്മ, ഹൃദയപ്രശ്‌നം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ മൂലമുള്ള മരണങ്ങളെ കൊവിഡ് മരണമായി കണക്കാക്കേണ്ടതില്ല.

Tags: