ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 203 പുതിയ കേസുകളാണെന്നാണ് റിപോര്‍ട്ടുകള്‍. ഒരു ദിവസത്തിനിടെ നാലു മരണവും രേഖപ്പെടുത്തി.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കൊവിഡ് കേസുകള്‍ 3,961 ആയി. പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകള്‍ 82 വര്‍ധിച്ചതോടെ ആകെ പോസിറ്റീവ് കേസുകള്‍ 280 ആയി. ഡല്‍ഹി, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പടുത്തിയത്.
കേരളത്തിലും കര്‍ണാടകയിലും രണ്ട് പുതിയ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു, ഇതോടെ 2025 ജനുവരി മുതല്‍ ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 28 ആയി. മറ്റു രോഗങ്ങളുള്ളവരും വാക്‌സിനേഷന്‍ എടുക്കാത്തവരുമായ മുതിര്‍ന്നവരില്‍ വൈറസ് ബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ശുചിത്വം പാലിക്കാനും ആള്‍ക്കൂട്ടങ്ങളില്‍ നിന്നു കഴിവതും ഒഴിഞ്ഞു നില്‍ക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി
ഇന്ത്യയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കൊവിഡ് കസുകള്‍ രേഖപ്പെടുത്തിയത് കേരളത്തിലാണ്. 1,400 ആണ് കേരളത്തിലെ കേസുകള്‍. ഡല്‍ഹിയില്‍ ഇപ്പോള്‍ 436 സജീവ കേസുകളുണ്ട്. അതേസമയം, 82 പുതിയ അണുബാധകള്‍ റിപോര്‍ട്ട് ചെയ്തതോടെ ഗുജറാത്തില്‍ കേസുകള്‍ 300കവിഞ്ഞു. തമിഴ്നാട്ടിലും ഉത്തര്‍പ്രദേശിലും യഥാക്രമം 199 ഉം 149 ഉം കേസുകള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. സിക്കിമില്‍ ഇതുവരെ മൂന്ന് കേസുകള്‍ മാത്രമേ റിപോര്‍ട്ട് ചെയ്തിട്ടുള്ളു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം നേരിടാന്‍ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണ്ണമായും സജ്ജമാണെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. പനി, മൂക്കടപ്പ്, ഓക്കാനം, ദഹന പ്രശ്‌നങ്ങള്‍, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കാനും, ഇവ നാലു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്താനും വിദഗ്ധര്‍ നിര്‍ദേശം നല്‍കി.
