കൊവിഡ് 19: കുവൈത്തില്‍ വിസാ സേവനം നിര്‍ത്തി

കുവൈത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി

Update: 2020-03-10 07:46 GMT

കുവൈത്ത് സിറ്റി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കുവൈത്തിലേക്കുള്ള വിസ അനുവദിക്കുന്നത് പൂര്‍ണമായും നിര്‍ത്തിവച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൊറോണയെ തുടര്‍ന്നു രാജ്യത്തെ എല്ലാ സിനിമ തിയറ്ററുകളും ഹോട്ടല്‍ ഹാളുകളും വിവാഹ ഓഡിറ്റോറിയങ്ങളും അടച്ചിടാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജനങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ തിയറ്ററുകളും ഹാളുകളും അടച്ചിടാനാണ് നിര്‍ദേശം. രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

ഇന്നലെ മാത്രം വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 48 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സൗദിയില്‍ 5 പേര്‍ക്ക് കൂടി രോഗം പിടിപെട്ടതായി അധികൃതര്‍ ഇന്ന് വെളിപ്പെടുത്തി. ഇതോടെ സൗദിയില്‍ രോഗബാധിതരുടെ എണ്ണം 20 ആയി. അതേസമയം എല്ലാ വിധ പ്രവേശന വിസകളും നിര്‍ത്തി വെക്കാന്‍ കുവൈത്ത് മന്ത്രിസഭാ യോഗം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തൊഴില്‍ വിസ, ടൂറിസ്റ്റ് വിസ, ഓണ്‍ അറൈവല്‍ വിസ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്. കുവൈത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 26 വരെ അവധിയായിരിക്കും.


Tags: