കൊവിഡ്19: കുവൈത്തില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് മരണം; 641 പേര്‍ക്ക് വൈറസ് ബാധ, രോഗികളില്‍ 160 ഇന്ത്യക്കാരും

Update: 2020-05-08 14:33 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് ഒരു ഡോക്റ്റര്‍ ഉള്‍പ്പെടെ 3 പേര്‍ കൂടി മരണമടഞ്ഞു. താരിഖ് ഹുസ്സൈന്‍ എന്ന 61 കാരനായ ഈജിപ്ഷ്യന്‍ ഡോക്റ്റര്‍ ആണ് മരണമടഞ്ഞവരില്‍ ഒരാള്‍. സെയ്ന്‍ ആശുപത്രിയില്‍ ഇ എന്‍ റ്റി വിഭാഗത്തില്‍ സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഇദ്ദേഹം. രാജ്യത്ത് ആദ്യമായാണ് കൊറോണ വൈറസ് ബാധയേറ്റ് ഒരു ഡോക്റ്റര്‍ മരിക്കുന്നത്.

മരണമടഞ്ഞ മറ്റു രണ്ട് പേര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 47 ആയി. 160 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 641 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇന്നത്തേതടക്കം കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 7208 ആയി. ഇവരില്‍ 2884 പേര്‍ ഇന്ത്യക്കാരാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 638 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ഉണ്ടായത്. യാത്രയുമായി ബന്ധപ്പെട്ട് 3 പേര്‍ക്കും രോഗം ബാധിച്ചു. ഇവര്‍ ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിച്ച സ്വദേശികളാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: ഫര്‍വ്വാനിയ 207, ഹവല്ലി 147, അഹമദി 112, കേപിറ്റല്‍ 109 , ജഹറ 66.

താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കു പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 66 പേരും ജിലീബ് ശുയൂഖില്‍ നിന്നു 49 പേര്‍ക്കും ഹവല്ലിയില്‍ നിന്ന് 63 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 56 പേര്‍ക്കുമാണു രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: സ്വദേശികള്‍ 157, ഈജിപ്ത്കാര്‍ 122 ,ബംഗ്ലാദേശികള്‍ 48, പാകിസ്ഥാനികള്‍ 44. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഇന്ന് 85 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 2466 ആയി.

ആകെ 4695 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 91 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 39 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

Tags:    

Similar News