കൊവിഡ് 19: ബെവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് സമസ്ത

മദ്യം ശീലമാക്കിയവര്‍ക്ക് അതില്ലാതെ കഴിയില്ലെന്നും മദ്യഷാപ്പ് പൂട്ടുക വഴി കള്ളവാറ്റ് വ്യാപകമാകുമെന്ന വാദം അംഗീകരിക്കാനാവില്ല.

Update: 2020-03-23 15:34 GMT

കോഴിക്കോട്: ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊവിഡ് 19 എന്ന മഹാമാരി കേരളത്തിലും വ്യാപകമാവുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും അടച്ചിടാന്‍ തയ്യാറായ സര്‍ക്കാര്‍ മദ്യപാനികള്‍ നിയന്ത്രണം പോലുമില്ലാതെ ഇടപെടുന്ന ബെവറേജ് ഔട്ട്‌ലെറ്റുകളും അടച്ച് പൂട്ടണമെന്ന് കോഴിക്കോട് ജില്ലാ സമസ്ത കോ ഓഡിനേഷന്‍ സമിതി ആവശ്യപ്പെട്ടു.

എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും മനുഷ്യന്റെ ജീവന്‍ കവര്‍ന്നെടുക്കുന്ന മഹാമാരിക്ക് മുമ്പില്‍ അതെല്ലാം അസ്ഥാനത്താണ്. മദ്യം ശീലമാക്കിയവര്‍ക്ക് അതില്ലാതെ കഴിയില്ലെന്നും മദ്യഷാപ്പ് പൂട്ടുക വഴി കള്ളവാറ്റ് വ്യാപകമാകുമെന്ന വാദം അംഗീകരിക്കാനാവില്ല. രോഗികളും നിത്യ കൂലി കൊണ്ട് ജീവിതം കഴിയുന്നവരും ഭാവി ജീവിതത്തിനായി പരീക്ഷകള്‍ നടത്തേണ്ടവര്‍ പോലും മാറ്റത്തിന് വിധേയമായും ആരാധനകള്‍ പോലും നിയന്ത്രിച്ചും ജീവിതത്തെ പുന: ക്രമീകരിക്കുമ്പോള്‍ മദ്യപാനികള്‍ക്ക് മാത്രം ത്യാഗം ചെയ്ത് കൂടാ എന്നത് എന്ത് ന്യായമാണ്.

കള്ളവാറ്റ് തടയാനാണ് സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. നിയമം കര്‍ശനമാക്കിയും ജീവറേജുകളില്‍ നിന്ന് ജനങ്ങളെ മാറ്റിയും മനുഷ്യ ജീവന്‍ സംരക്ഷിക്കണം. കുടിച്ച് മരിക്കുന്നവര്‍ രോഗം പരത്തിയാണ് മദ്യാസക്തി നിറവേറ്റുന്നതെങ്കില്‍ അംഗീകരിക്കാനാവില്ല. കോവിഡ് വ്യാപനത്തില്‍ ജനകീയ സമരങ്ങള്‍ നടക്കില്ലെന്ന വിശ്വാസത്തില്‍ ബീവറേജ് ക്യൂകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും സമസ്ത മുന്നറിയിപ്പു നല്‍കി.

സമസ്ത ജില്ലാ കോഓഡിനേഷന്‍ സമിതി ചെയര്‍മാന്‍ ഉമ്മര്‍ ഫൈസി മുക്കം, ജന. കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി, എ വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ബാരി ബാഖവി (സമസ്ത), ആര്‍ വി കുട്ടിഹസ്സന്‍ ദാരിമി, സലാം ഫൈസി മുക്കം (എസ്എംഎഫ്), സിഎച്ച് മഹ്മൂദ് സഅദി, മലയമ്മ അബൂബക്കര്‍ ഫൈസി (എസ്‌വൈഎസ്), കെ കെ ഇബ്രാഹിം മുസ്ലിയാര്‍, പി ഹസൈനാര്‍ ഫൈസി (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), സയ്യിദ് മുബശിര്‍ തങ്ങള്‍, അലി അക്ബര്‍ മുക്കം (എസ്‌കെഎസ്എസ്എഫ്), ടി വി സി സമദ് ഫൈസി, ഇ പി അസീസ് ദാരിമി (ജംഇയ്യത്തുല്‍ ഖുത്വബാ), എ പി പി തങ്ങള്‍, കെ പി കോയ (മദ്രസാ മാനേജ്‌മെന്റ്), സി എ ഷുകൂര്‍ മാസ്റ്റര്‍, അയ്യൂബ് കൂളിമാട് (എംബ്ലോയ്‌സ് അസോസിയേഷന്‍), മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരാണ് സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടത്.

Tags:    

Similar News