കൊവിഡ് 19: ദരിദ്രര്‍ക്ക് ധനസഹായം നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധി വാദ്ര

Update: 2021-04-20 06:57 GMT

ന്യൂഡല്‍ഡഹി: രാജ്യം വീണ്ടും ഒരു കൊവിഡ് തരംഗത്തിലേക്ക് പ്രവേശിച്ചതോടെ ദുരിതത്തിലായ ദരിദ്രജനവിഭാഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി വാദ്ര. തെരുവുവില്‍പ്പനക്കാര്‍, കൂലിത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് പണമെത്തിക്കണമെന്നാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

''കൊവിഡ് ഭീതി വര്‍ധിച്ചതോടെ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളിലേക്ക് വീണ്ടും എത്തുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഇത് കുടിയേറ്റത്തൊഴിലാളികളെ വീണ്ടും ദുരിതത്തിലാഴ്ത്തും. ഇതാണോ നിങ്ങളുടെ തന്ത്രം? സര്‍ക്കാര്‍ നയങ്ങള്‍ എല്ലാവരെയും കണക്കിലെടുക്കുന്നതാവണം. പാവപ്പെട്ടവര്‍, കൂലിത്തൊഴിലാളികള്‍, തെരുവു കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് ധനസഹായം വേണം. ദയവായി നടപടി സ്വീകരിക്കൂ- പ്രിയങ്ക ട്വീറ്റ് ചെയ്തു.

തങ്ങളുടെ നാട്ടിലേക്ക് തിരികെപ്പോകാന്‍ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ കാത്തുനില്‍ക്കുന്നവരുടെ ചിത്രത്തോടൊപ്പമാണ് പ്രിയങ്കയുടെ ട്വീറ്റ്.

നേരത്തെ രാഹുലും പാവ്വപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

''കുടിയേറ്റക്കാര്‍ ഒരിക്കല്‍ക്കൂടി തിരിച്ചുപോവുകയാണ്. ഈ അവസ്ഥയില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നല്‍കി അവരെ രക്ഷപ്പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണ്''- രാഹുല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വിവിധ നഗരങ്ങള്‍ ലോക്ക് ഡൗണിനു സമാനമായ സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ കനത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ നാടുകളിലേക്ക് നടന്നും ചെറു വാഹനങ്ങളിലുമായി നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നത്. ഈ യാത്രക്കിടയില്‍ നൂറുകണക്കിനുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

Tags: