കൊവിഡ് 19: മാളയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

മേഖലയില്‍ ആകെ 721 പേര്‍ നിരീക്ഷണത്തിണ്ട്.

Update: 2020-03-23 13:21 GMT

മാള: കൊവിഡ് 19 മാളയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം. വിവിധ വിദേശ നാടുകളില്‍ നിന്നെത്തിയവര്‍ വീടുകളില്‍ നിരിക്ഷണത്തില്‍ കഴിയുന്നുണ്ട്. മേഖലയില്‍ ആകെ 721 പേര്‍ നിരീക്ഷണത്തിണ്ട്. മാള ഗ്രാമപ്പഞ്ചായത്തില്‍ 154 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 95 പുരുഷന്‍മാരും 59 സ്ത്രീകളുമാണ്. ഒരാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തില്‍ 139 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 90 പുരുഷന്‍മാരും 49 സ്ത്രീകളുമാണ്. അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ നിരീക്ഷണത്തിലുള്ളത് 93 പേരായി കുറഞ്ഞു. കഴിഞ്ഞ ദിവസം 134 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ 50 പേര്‍ നിരീക്ഷണത്തിലുള്ളതില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പൊയ്യ ഗ്രാമപഞ്ചായത്തില്‍ 80 പേരും പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തില്‍ 90 പേരും ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ 115 പേരും നിരീക്ഷണത്തിലുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ അതീവ ജാഗ്രതയിലാണ്. മാളയില്‍ കര്‍ണാടകയില്‍ നിന്നും എത്തിയ നാട്ടുകാരനായ ഒരാളെ പിടികൂടി നിരീക്ഷണത്തില്‍ വച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ഒരു കുടുംബം പ്രദേശത്ത് നേരത്തേ മുതല്‍ നിരീക്ഷണത്തിലാണ്. ഖത്തര്‍, യുഎഇ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തിയവരും ഇതില്‍ ഉള്‍പെടും. വിവിധ സംഘടനകള്‍ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് വിതരണം നടത്തി.

മാള മണ്ഡലം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മാസ്‌ക് വിതരണം നടത്തി. മഹിളാ കൊണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ആര്‍ പ്രേമ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍ കെന്നഡി, ലിനീഷ് താനികുന്നില്‍, ബിനോയ് അതിയാരത്ത് സംസാരിച്ചു. മാള മേഖലയിലെ കുറച്ച് ഉസ്താദുമാര്‍ ചേര്‍ന്ന് മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് മാസ്‌കുകള്‍ വിതരണം നടത്തി. നജീബ് അന്‍സാരി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സൂപ്രന്റ് ഡോക്ടര്‍ ആഷ സേവ്യര്‍ ഏറ്റുവാങ്ങി. മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ് ഐ കെ അബ്ദുല്‍ മജീദ്, നിയാസ് മാളപള്ളിപ്പുറം, അഷറഫ് മാള, യാസിര്‍, ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു. മാള ഐഎസ്ടിയുടെ ആഭിമുഖത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സൗജന്യന്യ മാസ്‌ക്ക് വിതരണം നടത്തി. ടി എ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ടി കെ മുഹമ്മദലി, വി എസ് ജമാല്‍, വി എസ് നാസര്‍, വി എച്ച് ദില്‍ഷാദ്, കെ കെ കെ അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Tags:    

Similar News