കൊവിഡ് 19: പത്തനംതിട്ടയില്‍ വിതരണം ചെയ്തത് 18.5 ലക്ഷം കിറ്റുകള്‍

Update: 2021-02-04 03:43 GMT

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 2019 മാര്‍ച്ചിനുശേഷം വിതരണം ചെയ്തത് 18.5 ലക്ഷം കിറ്റുകള്‍. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 2021 ഏപ്രില്‍ വരെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. നിലവില്‍ സപ്ലൈകോ കിറ്റ് തയാറാക്കി റേഷന്‍ കടകള്‍ വഴിയാണ് വിതരണം നടത്തുന്നത്.

2021 ജനുവരിയിലെ കിറ്റ് എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് ജനുവരി 23 മുതലും പിഎച്ച്എച്ച് കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം ഒന്ന് മുതലും വിതരണം ആരംഭിച്ചിട്ടുണ്ട്. ചെറുപയര്‍, ഉഴുന്ന്, തുവര പരിപ്പ്, പഞ്ചസാര, തേയില, മുളകുപൊടി/മുളക്, കടുക്/ഉലുവ, വെളിച്ചെണ്ണ, ഉപ്പ്, തുണിസഞ്ചി എന്നിവയാണു പുതിയ കിറ്റിലൂടെ ലഭിക്കുക.

കൊവിഡിനെ തുടര്‍ന്ന് 3,26,282 സൗജന്യ കിറ്റുകളാണു ജില്ലയിലെ എല്ലാ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയും കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിതരണം ചെയ്തത്. അതോടൊപ്പം കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പലവ്യഞ്ജനക്കിറ്റുകളും വിതരണം ചെയ്തിരുന്നു.

വനിതാ ശിശു വികസന വകുപ്പിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് നാലു പേര്‍ക്ക് ഒരു കിറ്റ് എന്ന നിലയില്‍ 762 കിറ്റുകള്‍ സപ്ലൈകോയുടെ ഔട്ട്‌ലെറ്റ് വഴി വിതരണം ചെയ്തു.

അതത് താലൂക്കുകളിലെ എന്‍എഫ്എസ്എ ഗോഡൗണില്‍ നിന്നും സൗജന്യമായി പത്തുകിലോ അരി, രണ്ടുകിലോ പയര്‍ വര്‍ഗം തുടങ്ങി 9 ഇനം സാധനങ്ങള്‍ അടങ്ങിയ 5,050 കിറ്റുകള്‍ ജില്ലയിലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കു ലേബര്‍ ക്യാമ്പുകളിലേക്ക് എത്തിച്ചു നല്‍കി.

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഓണക്കാലത്ത് 3,27,971 കിറ്റുകളാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം വിതരണം ചെയ്തത്. 11 ഇന ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിതരണവും ചെയ്തിരുന്നു.

ജില്ലയിലെ കാര്‍ഡുടമകള്‍ക്കായി 2020 സെപ്റ്റംബര്‍ മാസത്തില്‍ 2,14,317, ഒക്‌ടോബറില്‍ 3,41,172, നവംബറില്‍ 3,23,611, ഡിസംബറില്‍ 3,14,401 സ്‌പെഷല്‍ ഫ്രീ കിറ്റുകളും വിതരണം നടത്തി.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ അംഗീകൃതവും അല്ലാത്തതുമായ ക്ഷേമസ്ഥാപനങ്ങള്‍ക്ക് നാലു പേര്‍ക്ക് ഒരു കിറ്റ് എന്ന നിലയില്‍ സ്‌പെഷല്‍ ഫ്രീ കിറ്റ് നല്‍കി. സെപ്റ്റംബര്‍, ഒക്‌ടോബര്‍് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 3,004 കിറ്റുകള്‍ സപ്ലൈകോയുടെ ഔട്ട്‌ലറ്റ് വഴിയും ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയും വിതരണം നടത്തി.

Tags:    

Similar News