സമ്പര്‍ക്ക കേസുകള്‍ കുതിച്ചുയരുന്നു; അപകടകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

ജൂലൈ ഒന്‍പതോടെ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് കേസുകള്‍ 20.64 ശതമാനമായി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Update: 2020-07-10 13:38 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു. ജൂണ്‍ പകുതിയില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്കത്തിലൂടെയുളള കൊവിഡ് വ്യാപനം. ജൂണ്‍ 27ന് ഇത് 5.11 ശതമാനമായി താഴ്ന്നു. ജൂണ്‍ 30ന് നേരിയ വര്‍ധനയോടെ 6.16 ശതമാനമായി ഉയര്‍ന്നു. ജൂലൈ ഒന്‍പതോടെ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് കേസുകള്‍ 20.64 ശതമാനമായി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിച്ചുവരികയാണ്. ഇന്ന് മാത്രം 204 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന സമ്പര്‍ക്ക കണക്കാണിത്. ഇന്ന് സംസ്ഥാനത്ത് 416 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിണറായി.

കൊവിഡ് സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 51 പേരാണ്്. 1,54,112 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 3517 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന്് മാത്രം 472 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Tags:    

Similar News