പൗരത്വ നിയമം ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കാനാവില്ല, പരിശോധിക്കാനേ കഴിയൂ; സംഘര്‍ഷമുള്ളപ്പോള്‍ ഇത്തരം ഹരജികള്‍ ഗുണംചെയ്യില്ലെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

നിയമത്തിനെതിരേ കുപ്രചരണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരേ കടുത്ത നടപടിയെടുക്കണമെന്നും ഹരജിക്കാരന്‍

Update: 2020-01-09 09:29 GMT

ന്യൂഡല്‍ഹി: രാജ്യം കടന്നുപോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെയെന്നും സമരങ്ങള്‍ നിര്‍ത്തിയാല്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള വാദം കേള്‍ക്കാമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പൗരത്വ നിയമം ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ അതിപ്രധാനമായ പ്രസ്താവന.

അഭിഭാഷകനായ വിനീത് ധണ്ടയാണ് പൗരത്വ നിയമത്തിനനുകൂലമായി സുപ്രിം കോടതിയെ സമീപിച്ചത്. നിയമത്തിനെതിരേ കുപ്രചരണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരേ കടുത്ത നടപടിയെടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.

പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം ഭരണഘടനാപരമാണെന്ന് ഒരു കോടതിക്ക് പ്രഖ്യപിക്കാനാവില്ല, ഭരണഘടനാപരമാണോ എന്ന് പരിശോധിക്കാനേ  കഴിയൂ. നിയമം ഭരണഘടനാപരമാണെന്ന ഒരു മുന്‍ധാരണ അവിടെ എപ്പോഴുമുണ്ട്. ഒരു നിയമവിദ്യാര്‍ത്ഥിയായ നിങ്ങള്‍ക്ക് അത് മനസ്സിലായിക്കാണും- ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

ഒരു നിയമത്തിന്റെ നിയമപരത പരിശോധിക്കുകയാണ് കോടതി ചെയ്യുന്നത്. അല്ലാതെ അത് ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കുകയല്ല. ഹരജി പരിശോധിച്ച ബെഞ്ച് അഭിപ്രായപ്പെട്ടു. സൂര്യ കാന്ത്, ബിആര്‍ ഗവായ് തുടങ്ങിയവരാണ് മൂന്നംഗ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

ഇപ്പോഴത്തെ സാഹചര്യം വളരെ ഗുരുതരമാണ്. കാര്യങ്ങള്‍ സമാധാനപരമായിരിക്കണം. ഇത്തരം ഹരജികള്‍ ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പൗരത്വ നിയമത്തിനെതിരേ അറുപതോളം ഹരജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്.




Tags:    

Similar News