പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് മൂന്നാം തവണയും നോട്ടിസ് ലഭിച്ച് അസമിലെ ഹിന്ദു കുടുംബം

Update: 2022-06-13 18:00 GMT

ഗുവാഹത്തി: അസമിലെ മൂന്നംഗ ഹിന്ദു കുടുംബത്തിന് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് മൂന്നാം തവണയും ലഭിച്ചു. 1966 ജനുവരി ഒന്നിനും 1971 മാര്‍ച്ച് 23നും ഇടയിലാണ് കുടുംബം ഇന്ത്യയിലെത്തിയതെന്നാണ് ജൂണ്‍ 8ന് ലഭിച്ച നോട്ടിസില്‍ ആരോപിക്കുന്നത്. മറിച്ചാണെങ്കില്‍ പൗരത്വം തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂലിപ്പണിയെടുത്ത് ജീവിക്കുന്ന നത സുന്ദരി(66), അവരുടെ ഭര്‍ത്താവ് കാഷി നാത് മണ്ഡല്‍(68), മകന്‍ ഗോവിന്ദൊ(40) എന്നീ മൂന്നംഗ കുടുംബം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

അസമിലെ സോനിത്പൂര്‍ ജില്ലയിലെ ബലിജാന്‍ കചഹ്രി ഗ്രാമത്തിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

2016ല്‍ ഇവര്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കോടതി ഇവര്‍ നിയമാനുസ്രത ഇന്ത്യന്‍ പൗരന്മാരാണെന്ന് വിധിച്ചിരുന്നു.

2018ല്‍ ഇവര്‍ക്ക് വീണ്ടും നോട്ടിസ് ലഭിച്ചു. അന്നത് രണ്ടാമത്തെ നോട്ടിസായിരുന്നു. അന്നും കുടുംബത്തിന് അനുകൂലമായിരുന്നു വിധി.

ഇവരുടെ കൂട്ടുകുടുംബത്തില്‍ 38 പേരാണ് ഉള്ളത്. എല്ലാവരുടെയും പേരുകള്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസന്‍ഷിപ്പ് 1951ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള പ്രധാന രേഖയാണ് ഇത്.

ഇപ്പോള്‍ ഇതേ ആവശ്യം ഉന്നയിച്ച് അധികൃതര്‍ മൂന്നാം തവണയും നോട്ടിസ് അയച്ചിരിക്കുകയാണ്.

മെയ് 6ന് ഗുവാഹത്തി ഹൈക്കോടതി നല്‍കിയ വിധിയനുസരിച്ച് ഒരു തവണ പൗരനാണെന്ന് തെളിയിച്ചയാളോട് വീണ്ടും അതേ ആവശ്യം ഉന്നയിക്കരുത്.

പലതവണ പൗരത്വം തെളിയിക്കേണ്ടിവന്ന നൂറുകണക്കിന് കുടുംബങ്ങളാണ് അസമിലുള്ളത്.

Tags:    

Similar News