വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച് കേള്‍വിശക്തി നഷ്ടപ്പെടുത്തി; അധ്യാപികയ്ക്ക് ശിക്ഷ വിധിച്ച് കോടതി

Update: 2026-02-04 09:29 GMT

അഹ്മദാബാദ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച് കേള്‍വിശക്തി നഷ്ടപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് ജയില്‍ശിക്ഷയും പിഴയും വിധിച്ച് കോടതി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള സ്വകാര്യ സ്‌കൂളിലെ സയന്‍സ് അധ്യാപികയ്‌ക്കെതിരേയാണ് നടപടി. അധ്യാപിക പരുള്‍ബെനിന് മൂന്നു വര്‍ഷം മൂന്നു മാസം തടവും 25,000 രൂപ പിഴയും അഡീഷനല്‍ ചീഫ് ജുഡീഷ്വല്‍ മജിസ്റ്ററേറ്റ് ശിക്ഷ വിധിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും കൂടി വിധിച്ചതോടെ ആകെ പിഴ 50,000 രൂപയായി.

2020ല്‍ ഗാന്ധിനഗര്‍ സെക്ടര്‍ 28ലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ അധ്യാപിക ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഇടത് കരണത്ത് ശക്തമായി അടിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കുട്ടിയുടെ മുഖത്ത് പരിക്കേല്‍ക്കുകയും സ്ഥിരമായ കേള്‍വിശക്തി നഷ്ടപ്പെടുകയും ചെയ്തതായി മെഡിക്കല്‍ റിപോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതോടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. സ്‌കൂളുകളില്‍ ശാരീരിക ശിക്ഷ പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍, പരിക്കിന്റെ തീവ്രത കണക്കിലെടുത്താണ് കുടുംബം നിയമപോരാട്ടത്തിന് തയ്യാറായതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കുട്ടിയുടെ മെഡിക്കല്‍ റിപോര്‍ട്ടുകളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച കോടതി, അധ്യാപിക തന്റെ അധികാരം ദുരുപയോഗം ചെയ്തതായി കണ്ടെത്തി. മര്‍ദ്ദനം യാദൃശ്ചികമല്ലെന്നും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരേയുള്ള ശാരീരിക അതിക്രമം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

'അധികാരം ദുരുപയോഗം ചെയ്ത് നിഷ്‌കളങ്കയായ കുട്ടിക്കെതിരേ ശാരീരിക അതിക്രമം നടത്തുന്നത് അതീവ ഗൗരവകരമാണ്. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല. സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നതിനാണ് കര്‍ശന ശിക്ഷ' എന്ന് വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി. സ്‌കൂളുകള്‍ ഭയത്തിന്റെ ഇടങ്ങളാകരുതെന്നും കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഓര്‍മിപ്പിച്ചു.

Tags: